kerala-bank

അടിമാലി: രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത വിധം കേരളത്തിൽ സഹകരണമേഖല ശക്തിപ്പെട്ടുകഴിഞ്ഞെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ.കേരളാ ബാങ്ക് രൂപീകരണത്തിന്റെ ഇടുക്കി ജില്ലാതല ആഘോഷപരിപാടികൾ അടിമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സഹകരണമേഖലയിലെ നിക്ഷേപമാണ് ബാങ്കിംഗ് മേഖലയിൽ മത്സരിക്കാൻ കേരളാ ബാങ്കിന് കരുത്ത് നൽകുന്നതെന്നും കേരളബാങ്കുമായി അകന്ന് നിൽക്കുന്ന മലപ്പുറം ജില്ല വൈകാതെ സർക്കാരുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ.പ്രൈമറി ബാങ്കുകൾക്ക് ഏതാവശ്യത്തിനും ബന്ധപ്പെടാവുന്ന ബാങ്കാക്കി കേരളാ ബാങ്കിനെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.സ്വന്തമായൊരു ബാങ്കില്ലെന്നത് കേരളത്തിന്റെ ദൗർബല്യമായിരുന്നെന്നും കേരളാ ബാങ്കിന്റെ രൂപീകരണത്തോടെ ആ പ്രശ്നത്തിന് പരിഹാരമായെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി എംഎം മണി പറഞ്ഞു.നിർമ്മാണം പൂർത്തീകരിച്ച കെയർ ഹോമിന്റെ താക്കോൽ ദാനം ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു. എസ് രാജേന്ദ്രൻ എംഎൽഎ സമ്മേളനത്തിൽ മുഖ്യപ്രഭാഷണംനടത്തി.ഇടുക്കി ജോയിന്റ് രജിസ്ട്രാർ ജനറൽ എസ് ഷേർളി, ഇടുക്കി ജോയിന്റ് ഡയറക്ടർ കെ എസ് കുഞ്ഞുമുഹമ്മദ്,ഇടുക്കി ഡെപ്യൂട്ടി രജിസ്ട്രാർ എം കെ സുരേഷ്, കേരളാ ബാങ്ക് ഇടുക്കി ഇൻചാർജ്ജ് എ ആർ രാജേഷ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.