ഇളങ്ങുളം:നാടിനെയാകെ ഞെട്ടിച്ച ആ ദു:ഖ വാർത്തയുമായാണ് ഇന്നലെ നേരം പുലർന്നത്.എം.എൻ.ഗംഗാധരന്റെ നിര്യാണം.ആ വാർത്ത കേട്ടവർക്കാർക്കും വിശ്വസിക്കാനായില്ല.എസ്.എൻ.ഡി.പി.യോഗം 44ാം നമ്പർ ഇളംങ്ങുളം ശാഖയുടെ പ്രസിഡന്റ് എന്ന നിലയിലും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നാട്ടുകാരോടൊപ്പം കൈകോർത്തുനിന്നു പ്രവർത്തിക്കുന്ന ഒരു വഴികാട്ടി എന്ന നിലയിലും ഏവർക്കും സുപരിചിതൻ.ജില്ലാ സഹകരണ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖാ ഉദ്യോഗസ്ഥനായിരുന്നു 56 കാരനായ ഇദ്ദേഹത്തിന് ഞായറാഴ്ച ഉച്ചയോടെ നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു. ഉടൻതന്നെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് രാത്രി 11 മണിയോടെ മരണം സംഭവിച്ചു. കേട്ടവരെല്ലാം വിശ്വസിക്കാനാകാതെ രണ്ടാം മൈലിലുള്ള മെത്തായത്തിൽ വീട്ടിലേക്കോടി. കുടുംബാംഗങ്ങളോടൊപ്പം അലമുറയിട്ടു കരയുന്ന ശാഖാംഗങ്ങളും നാട്ടുകാരുമടങ്ങുന്ന ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി ഏറ്റുവാങ്ങി ഗംഗാധരൻ വിടവാങ്ങി. എം.എൽ.മാരായ മാണി.സി.കാപ്പൻ, ഡോ.എൻ.ജയരാജ് ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ്, കൗൺസിലർ ഇ.പി.കൃഷ്ണൻ,വിവിധ ശാഖാ ഭാരവാഹികൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ അനുശോചിച്ചു. സംസ്‌കാര ചടങ്ങിനു ശേഷം നടന്ന അനുശോചനയോഗത്തിൽ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു.