കോട്ടയം: മാലിന്യം ഒഴുക്കാൻ മതിൽ പൊളിച്ച കരാറുകാരന് നഗരസഭയുടെ നോട്ടീസ്. മതിൽ അടിയന്തരമായി കെട്ടി നൽകണമെന്നും നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ കരാറുകാരനാണ് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യം തിയേറ്റർ റോഡിലേയ്‌ക്ക് ഒഴുക്കുന്നതിനായി തിയേറ്റർ റോഡിലെ മതിൽ പൊളിച്ചത്. മതിലിനു എതിർവശത്ത് ഒരാൾ പൊക്കത്തിലുള്ള മണ്ണ് നീക്കം ചെയ്‌ത് മാലിന്യം ഒഴുക്കാൻ വഴിയൊരുക്കുകയും ചെയ്‌തിരുന്നു. ഇതിനു ശേഷം മതിലിലെ കൽക്കെട്ട് നീക്കം ചെയ്‌ത്, റോഡരികിലെ ഓട പൊളിച്ച ശേഷം ഇവിടേയ്‌ക്ക് വെള്ളം ഒഴുക്കാൻ വഴി കണ്ടെത്തുകയായിരുന്നു. ഇതു സംബന്ധിച്ചു കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം ഇവിടെ പരിശോധന നടത്തിയത്. തുടർന്ന് മാലിന്യം ഒഴുക്കുന്നതിനെതിരെ കംഫർട്ട് സ്റ്റേഷന്റെ കരാറുകാരന് നോട്ടീസ് അയക്കുകയായിരുന്നു. തുടർന്നാണ് മതിൽ പൊളിച്ചതിനെതിരെ നടപടിയെടുക്കാൻ നിർദേശിച്ചത്. അടിയന്തരമായി മതിൽ കെട്ടി നൽകണമെന്നും, ഓടയുടെ സ്ലാബ് പുനസ്ഥാപിക്കണമെന്നും നിർദേശിച്ചു. ഇനി റോഡിലേയ്‌ക്ക് മാലിന്യം തള്ളിയാൽ ശക്‌തമായ നടപടിയെടുക്കുമെന്നു നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന അറിയിച്ചു.