ചിറക്കടവ്: ഗ്രാമപ്പഞ്ചായത്തിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ.നിർവഹിച്ചു. 1.10 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയായ ചേർപ്പത്തുകവല തടയണ, 40 ലക്ഷം രൂപ വിനിയോഗിച്ച ത്രിവേണി കുടിവെള്ള പദ്ധതി, ഒൻപതുലക്ഷം ചെലവഴിച്ച് സ്ഥാപിച്ച അനുബന്ധ ട്രാൻസ്‌ഫോർമർ എന്നിവയുടെ ഉദ്ഘാടനം നടത്തി. പ്ലാവോലിക്കവലയിൽ 18 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ഹെൽത്ത് സെന്റർ, ആറുലക്ഷം രൂപ മുടക്കി നവീകരിക്കുന്ന തെക്കേത്തുകവല ഗ്രാമീണ ഗ്രന്ഥശാല എന്നിവയുടെ നിർമ്മാണോദ്ഘാടനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ അദ്ധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ, വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ, ബ്ലോക്ക് പഞ്ചായത്തംഗം ജയ ബാലചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ, പഞ്ചായത്തംഗങ്ങൾ, വിവിധകക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.