പൊന്‍കുന്നം: ഏഴുവയസുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്ക് സഹായവുമായി ഔവ്വര്‍ ലേഡി ബസുടമയും ജീവനക്കാരും. ചിറക്കടവ് ഗ്രാമദീപം സ്വദേശികളായ രാജേഷ്- രമ്യ ദമ്പതികളുടെ മകൾക്ക് ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തുന്നതിനായിരുന്നു ഒരു ദിവസത്തെ വരുമാനം നല്‍കിയത്.
കോട്ടയം- എരുമേലി, കോട്ടയം-നെടുങ്കണ്ടം, ചങ്ങനാശ്ശേരി-കുഴിത്തുളു റൂട്ടുകളിലായി സര്‍വീസ് നടത്തുന്ന മൂന്ന് ബസുകളുടെ ഒരു ദിവസത്തെ വരുമാനവും ബസുടമയുടെയും ജീവനക്കാരുടെയും സംഭവനയും ചേര്‍ത്ത് ഒരുലക്ഷം രൂപയാണ് നല്‍കിയത്. ഇതിന് പ്രോൽസാഹനമായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ആയിരം രൂപയും നൽകി.
ബസുകളുടെ ഡീസല്‍ ചെലവ് പോലും എടുക്കാതെയാണ് ഉടമകള്‍ സംഭാവന കണ്ടെത്തിയത്. ടിക്കറ്റിന് പകരം ബക്കറ്റ് കളക്ഷൻ ആയിരുന്നതിനാല്‍ പൊതുജനങ്ങളും അകമഴിഞ്ഞ് സഹായിച്ചതായി ബസ് ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാവിലെ പൊന്‍കുന്നം ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ കോട്ടയം ആര്‍.ടി.ഒ. ടോജോ എല്‍ദോസ് കുട്ടിയുടെ പിതാവ് രാജേഷിന് പണം കൈമാറി. കോട്ടയം എം.വി.ഐ. സാബു, എ.എം.വി. ഹരികൃഷ്ണന്‍, പൊന്‍കുന്നം എം.വി.ഐ. ഷാനവാസ് കരിം, മോട്ടോര്‍ വകുപ്പ് ജീവനക്കാരായ റെജി കെ. സലാം, തന്‍സീര്‍, ഔവ്വര്‍ ലേഡി ബസ് ഉടമ ഡോണി പി. മാത്യു, ബസ് ജീവനക്കാരായ സുജിത്ത്, ഹണി, ബിനു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.