thodu-jpg

വൈക്കം: അന്ധകാരത്തോട്ടിൽ നീരൊഴുക്ക് നിലച്ച് മാലിന്യങ്ങൾ അടിഞ്ഞുകൂടി ദുർഗന്ധം പരത്തുന്നു. മാലിന്യങ്ങൾ നിറഞ്ഞതോടെ കൊതുകുകളും പെരുകി. വേമ്പനാട്ടുകായലും കണിയാം തോടുമായി ബന്ധപ്പെട്ട് കിടക്കുന്ന അന്ധകാരത്തോട്ടിൽ വെള്ളം കയറിയിറങ്ങി പോകുവാനുള്ള സംവിധാനം അടഞ്ഞതോടെ അന്ധകാരത്തോട് മാലിന്യ വാഹിനിയായി. സമീപവാസികൾ മാസങ്ങളായി ഇതിന്റെ ദുരിതം അനുഭവിക്കുന്നു. കറുത്തിരുണ്ട ജലത്തിൽ നിന്നും പുകപോലെ കൊതുകുകൾ ഉയരുകയാണ്. പലതവണ നഗരസഭാ അധികാരികൾക്ക് പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. ടൗൺ ഹാൾ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സമീപവാസികൾ ഒത്തുകൂടി തോട്ടിൽ കൊതുകു നശീകരണത്തിന് മരുന്നും, പകർച്ചവ്യാധികൾ തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളും നടത്തുകയാണ്. പ്രസിഡന്റ് രമേശൻ, സെക്രട്ടറി ഷാജി, അനിൽകുമാർ, എ. മണിയൻ, താജുദ്ദീൻ, രാധാകൃഷ്ണൻ, ഉദയകുമാരി എന്നിവർ നേതൃത്വം നൽകി.