തൊടുപുഴ: നഗരസഭയിലെ ഭൂരിഭാഗം വീടുകളും വിവിധ സർക്കാർ സ്ഥാപനങ്ങളും രാപ്പകൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുമെല്ലാം വെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് പൊതുപൈപ്പുകളെയാണ്. ദാഹമകറ്റാൻ മാത്രമല്ല, മറ്റ് ദൈനം ദിനആവശ്യങ്ങൾക്കുമെല്ലാം വാട്ടർ അതോറിട്ടിതന്നെ ശരണം.
പുതിയ കുടിവെള്ള പദ്ധതികൾക്കും നിലവിലെ പദ്ധതിയുടെ അറ്റകുറ്റപ്പണികൾക്കുമായി ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. പൈപ്പ് പൊട്ടൽ അടക്കമുള്ള വിവിധ കാരണങ്ങളാൽ കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവാണ്. എന്നാൽ തകരാറ് വേഗത്തിൽ പരിഹരിക്കാനോ ബദൽ നടപടി സ്വീകരിക്കാനോ അധികൃതർക്ക് കഴിയുന്നില്ല. മോട്ടോർ കേടായി പമ്പിംഗ് നിലയ്ക്കുകയോ പൈപ്പ് പൊട്ടുകയോ ചെയ്താൽ മൂന്നും നാലും ദിവസങ്ങൾ കഴിഞ്ഞായിരിക്കും തകരാറ് പരിഹരിക്കുക. ഇതോടെ പൊതുപൈപ്പുകളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും കച്ചവടക്കാരും നെട്ടോട്ടം പിടിക്കും. നഗരത്തിലെ വൻകിടക്കാരായ കച്ചവടക്കാരിൽ പലർക്കും കിണറും കുഴൽ കിണറും സ്വന്തമായിട്ടുണ്ടെങ്കിലും അവരും വാട്ടർ അതോറിട്ടിയുടെ ഉപഭോക്താക്കളാണ്. ജല വിതരണം പെട്ടന്ന് ഒരു ദിവസം സ്തംഭിച്ചാൽ പ്രധാനമായും താളം തെറ്റുന്നത് ചെറുകിട കച്ചവടക്കാരും ഗാർഹിക ഉപഭോക്താക്കളുമാണ്. ഹോട്ടൽ, ബേക്കറി, റസ്റ്റോറന്റ്, തട്ടുകടകൾ, കൂൾബാർ, കോൾഡ് സ്റ്റോറേജ് എന്നിവയുടെ നടത്തിപ്പുകാരെല്ലാം അമിതമായി വില കൊടുത്താണ് സ്വകാര്യ ഏജൻസികളിൽ നിന്ന് വെള്ളം വാങ്ങുന്നത്. നഗരത്തിലെ വിവിധ ലോഡ്ജുകളിലും ഹോസ്റ്റലുകളിലും താമസിക്കുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണ്.
കുടിവെള്ളം കിട്ടിയത് നാല് ദിവസം കഴിഞ്ഞ്
ഒരാഴ്ച മുമ്പ് നഗരത്തിൽ കുടിവെള്ള വിതരണം സ്തംഭിച്ചിട്ട് പൂർണ്ണമായും പുനഃസ്ഥാപിച്ചത് നാല് ദിവസം കഴിഞ്ഞാണ്. ശുചീകരണ പ്ലാന്റിലെ വാക്വം പമ്പ് തകരാറിലായതാണ് വിതരണം മുടങ്ങാൻ കാരണം. ജലവിതരണം തുടർച്ചയായി നാല് ദിവസം മുടങ്ങിയിട്ടും അടിയന്തിരമായ ഒരു നടപടിയെടുക്കാൻ അധികാരികൾക്ക് കഴിയുന്നില്ല. കോടികൾ ചെലവഴിച്ച് ഓരോ പ്രവർത്തികൾ ചെയ്യുമ്പോഴും എപ്പോഴും ആവശ്യമായി വരുന്ന വാക്വം പമ്പോ മറ്റ് മോട്ടോറുകളോ അനുബന്ധ ഉപകരണങ്ങളോ പൂർണ്ണ സജ്ജമാക്കാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്കോ വിവിധ ജനപ്രതിനിധികൾക്കോ കഴിയുന്നില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അധിക പണച്ചെലവില്ലാതെ ഇതെല്ലാം സാധ്യമാകും എന്നിരിക്കെ, ജനങ്ങളെ ഏറ്റവും അധികം ബാധിക്കുന്ന ഇത്തരം കാര്യങ്ങളിൽ നിന്ന് ഉത്തരവാദിത്വപ്പെട്ടവർ മടിച്ചുനിൽക്കുന്നതിന്റെ ഉദാഹരണമാണ്.