കോട്ടയം: മാസങ്ങളായി ഇഴഞ്ഞു നീങ്ങിയ ഈരയിൽക്കടവ് റോഡിന്റെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് പുനരാരംഭിക്കുന്നു. ഈരയിൽക്കടവ് ജംഗ്ഷൻ മുതൽ പാലം വരെയുള്ള 300 മീറ്റർ റോഡിന്റെ അന്തിമ ജോലികളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ സ്ഥലം സന്ദർശിച്ച് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇതു സംബന്ധിച്ചു ധാരണയായത്.

ടാറിംഗിനു മുന്നോടിയായി നേരത്തെ റോഡിൽ കല്ലും മെറ്റലും നിരത്തുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ, പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വാട്ടർ അതോറിട്ടി ഈ റോഡ് കുത്തിപ്പൊളിച്ചു. ഇതിനു ശേഷം പെയ്‌ത കനത്ത മഴയിൽ റോഡിന്റെ പ്രതലം പൂർണമായും ഒഴുകിപ്പോയി. ഇതിനു ശേഷമാണ് റോഡിൽ കുഴിയെടുത്ത് പൈപ്പ് ലൈൻ സ്ഥാപിച്ചത്. എന്നാൽ, ഒരു മഴ പെയ്‌താൽ പോലും റോ‌ഡിലൂടെ വെള്ളം പരന്നൊഴുകുന്ന സാഹചര്യത്തിൽ നാട്ടുകാർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയോട് റോഡിനു സമീപത്ത് ഓട നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതിനിടെ പൈപ്പ് പൊളിക്കുന്നതിനായി വാട്ടർ അതോറിട്ടി റോഡ് കുത്തിപ്പൊളിച്ചതിനുള്ള നഷ്‌ടപരിഹാരമായി ഒൻപത് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിൽ അടച്ചു. ഈ തുകയ്‌ക്കൊപ്പം പൊതുമരാമത്ത് വകുപ്പിന്റെ കയ്യിലുള്ള ആറു ലക്ഷം രൂപ കൂടി ചേർത്താണ് ഇപ്പോൾ ഓടനിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

 ഓട നി‌ർമ്മാണത്തിന് ശേഷം ടാറിംഗ്

ഓടയും കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും നിർമ്മിക്കുന്നതിന് 28 ദിവസം വേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതിനു ശേഷം റോഡിന്റെ ടാറിംഗ് ആരംഭിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി. ടാറിംഗിനായി നേരത്തെ തന്നെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകാത്തതിനാൽ ഫണ്ട് ഇപ്പോഴും പൊതുമരാമത്ത് വകുപ്പിന്റെ അക്കൗണ്ടിലുണ്ട്. ഈ സാഹചര്യത്തിൽ റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.

വാട്ടർ അതോറിട്ടി നൽകിയത് - ഒൻപത് ലക്ഷം

പൊതുമരാമത്ത് വകുപ്പ് ഫണ്ട് - ആറു ലക്ഷം

ഇനി ടാർ ചെയ്യാനുള്ളത് - 300 മീറ്റർ

റോഡ് നിർമ്മാണം ഇനി അതിവേഗം

സർക്കാർ സഹായം ലഭിക്കാതെ വന്നതോടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ ബാക്കി ഭാഗം ടാ‌ർ ചെയ്‌തിരിക്കുന്നത്. സർക്കാർ നിസഹകരിച്ചതിനാലാണ് റോഡ് നിർമ്മാണം ഇത്രത്തോളം വൈകിയത്.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

എം.എൽ.എ