കോട്ടയം: പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് നിർദ്ദേശം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി തയ്യാറാക്കുന്ന അതേ നടപടിക്രമങ്ങൾ പാലച്ചുവേണം മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്. പരിശീലനം സിദ്ധിച്ച റിസോഴ്സ് ഗ്രൂപ്പുകൾ പ്രാദേശികമായ അവസ്ഥാപഠനം നടത്തി കരട് പദ്ധതികൾ തയ്യാറാക്കി ഗ്രാമസഭയിൽ സമർപ്പിക്കുകയാണ് ആദ്യഘട്ടം. തുടർന്ന് ഗ്രാമസഭയുടെ ശുപാർശകൾ കൂടി പരിഗണിച്ച് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചചെയ്യണം. പ്രത്യേക വികസനസെമിനാർ വിളിച്ചുചേർത്ത് വർക്കിംഗ് ഗ്രൂപ്പിന്റെ സഹായത്തോടെ അന്തിമപദ്ധതി തയ്യാറാക്കി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം നേടണം. മണ്ണ് സംരക്ഷണം, കാലാവസ്ഥ വ്യതിയാനം, ജല സംരക്ഷണം, ദുരന്തനിവാരണം തുടങ്ങി എല്ലാ സാദ്ധ്യതകളും പരിഗണിച്ചായിരിക്കണം പദ്ധതി തയ്യാറാക്കേണ്ടത്. ഇതുവരെ ജില്ലാ തലത്തിൽ മാത്രമാണ് ദുരന്തനിവാരണ മാസ്റ്റർ പ്ലാനുകൾ നിലവിലുണ്ടായിരുന്നത്. അതുതന്നെ അത്യാവശ്യഘട്ടങ്ങളിൽ ഫലപ്രദവുമായിരുന്നില്ല.

 20 അംഗ ലോക്കൽ റിസോഴ്സ് ഗ്രൂപ്പ്

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നതിനും അവസ്ഥാപഠന രൂപരേഖ തയ്യാറാക്കുന്നതിനും 20 അംഗങ്ങൾ അടങ്ങുന്ന ലോക്കൽ റിസോഴ്സ് ഗ്രൂപ്പ് (എൽ.ആർ.ജി) രൂപീകരിക്കണം. സാമൂഹ്യസംഘടനകൾ, എൻ.ജി.ഒ, യുവജനസംഘടനകൾ എന്നിവരെ ഗ്രൂപ്പിൽ ഉൾപ്പെടുത്തണം. ഇവർക്ക് പരിശീലനം നൽകും.

 അടിയന്തര പ്രതികരണ ടീം (ഇ.ആർ.ടി)

പരിശീലനം സിദ്ധിച്ചവരും പ്രദേശത്തെ ഭൂഘടനയെക്കുറിച്ച് അറിവുള്ളവരുമായ പ്രാദേശിക സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി ദേശീയ ദുരന്തനിവാരണ ആക്ട് പ്രകാരം അടിയന്തര പ്രതികരണ ടീം രൂപീകരിക്കണം. കുറഞ്ഞത് 8 അംഗങ്ങൾ വീതമുള്ള 4 ഗ്രൂപ്പുകൾ ഓരോ പഞ്ചായത്തിലും ഉണ്ടാവണം. ഇതിലെ അംഗങ്ങൾ ദുരന്ത നിവാരണ- പ്രതിരോധ പ്രവർത്തനങ്ങളിൽ അടിസ്ഥാന ‌ജ്ഞാനമുള്ളവരും ദുരന്തമേഖലയിൽ പ്രവർത്തിക്കാൻ തയ്യാറുള്ളവരുമായിരിക്കണം

ഉൾപ്പെടുത്തേണ്ട വിവരങ്ങൾ

 തദ്ദേശസ്ഥാപനത്തിന്റെ പൊതുവിവരങ്ങൾ

 ദുരന്ത,ദുർബല മേഖലകളുടെ രൂപരേഖ

 ലഭ്യമാക്കാവുന്ന വിഭവങ്ങളും സാദ്ധ്യതയും

 ദുരന്തപ്രതികരണ ആസൂത്രണ രൂപരേഖ

 ദുരന്ത അതിജീവനത്തിനുള്ള തയ്യാറെടുപ്പ്