കോട്ടയം: ഒരു കാര്യത്തിൽ കോട്ടയത്തിന് അഭിമാനിക്കാം. ബാലവിവാഹം തടയുന്നതിൽ കോട്ടയം പൂർണവിജയം നേടി. മലപ്പുറം അടക്കമുള്ള ജില്ലകളിൽ ബാലവിവാഹത്തിന്റെ തോത് ഉയരുമ്പോൾ രണ്ട് വർഷമായി ഇത്തരം കേസുകളൊന്നും കോട്ടയത്തുണ്ടായില്ല.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ടീമിന്റെ ഇടപെടലുകളാണ് വിജയംകണ്ടത്. രക്ഷിതാക്കൾക്ക് പണികിട്ടുമെന്നുറപ്പായതോടെ പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ വിവാഹം കുറഞ്ഞു. എന്നാൽ പ്രായപൂർത്തിയാകുന്നതിന് മുന്നേ ഉറപ്പിക്കുകയും 18 തികയുന്ന മുറയ്ക്ക് ന‌ടത്തുകയും ചെയ്തിരുന്നു. രഹസ്യമായി വാക്കാലുള്ള ഉടമ്പടിയാണെന്നതിനാൽ ഇത് പുറത്തറിഞ്ഞിരുന്നില്ല. രക്ഷിതാക്കളെ കണ്ട് കുട്ടികളുടെ ചിന്തകളെയും പഠനത്തെയും ഇതു ബാധിക്കുമെന്ന് ബോദ്ധ്യപ്പെടുത്തിയതോടെ ഈ രീതിയും അവസാനിച്ചു.

വിജയം കണ്ട നടപ‌ടികൾ

 ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ഓഫീസർമാരുടെ ഇടപെടൽ

 യുവതീയുവാക്കൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം

 പഞ്ചായത്ത് തലത്തിൽ നടത്തിയ നിയമ ബോധവത്കരണം

2016ൽ 1കേസ്

2019ൽ ഇല്ല

''ബാലവിവാഹത്തിനെതിരെ നിരന്തരമുള്ള ഇടപെടലുകൾ നടക്കുകയാണ്. വിദ്യാഭ്യാസപരമായുള്ള മുന്നേറ്റവും പെൺകുട്ടികളുടെ ശക്തമായ നിലപാടും ബാലവിവാഹം ഇല്ലാതാകുന്നതിന് കാരണമായി''

ബിനോയി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ