വൈക്കം: 37-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന് നാളെ ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തുടക്കമാകും. സത്രത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി സത്ര നിർവഹണ സമിതി വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ, ജനറൽ കൺവീനർ രാഗേഷ് ടി.നായർ ചീഫ് കോ-ഓർഡിനേറ്റർ പി.വി.ബിനേഷ് എന്നിവർ അറിയിച്ചു. 22 വരെയാണ് സത്രം നടക്കുക. ഈ ദിവസങ്ങളിലായി പതിനഞ്ച് ലക്ഷത്തോളം ഭക്തജനങ്ങൾ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന സത്രവേദിയിൽ 10000 പേർക്ക് ഒരു സമയം ഇരിക്കാനാകും. വിപുലമായ യജ്ഞവേദി, ക്ഷേത്രം, പ്രഭാഷണ വേദി എന്നിവയെല്ലാം ഇവിടെ സജ്ജമാണ്. ദിവസവും കേരളത്തിലെ പ്രശസ്തരായ തന്ത്രിമുഖ്യരുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വേദസൂക്ത മന്ത്രജപം, വിശേഷാൽ പൂജകൾ എന്നിവ നടക്കും.
ദിവസേന 25,000 പേർക്ക് ഭക്ഷണം നൽകുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്. സത്രത്തിന് ദൂരദേശങ്ങളിൽ നിന്ന എത്തുന്ന ഭക്തർക്ക് വിപുലമായ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസിന്റേയും അഗ്‌നിശമന സേനയുടേയും ആരോഗ്യ പ്രവർത്തകരുടേയും സേവനം സത്ര വേദിയിൽ ഇരുപത്തിനാല് മണിക്കൂറും ലഭ്യമായിരിക്കും. വാഹന പാർക്കിംഗിന് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, കോട്ടയം ഭാഗങ്ങൾ വഴി പല ദിശകളിൽ നിന്ന് വരുന്ന ഭക്തജനങ്ങൾക്ക് സത്രവേദിയിലെത്തിച്ചേരുന്നതിന് പ്രധാന പാതകളിലും കവലകളിലും സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭക്തജനങ്ങൾക്ക് ചെമ്മനത്തുകരയിലെത്തുന്നതിന് വൈക്കം നഗരത്തിൽ നിന്ന് പ്രത്യേക ബസ് സർവീസുകളും ഉണ്ടാവും.
സൗകര്യങ്ങൾ ഇങ്ങനെ...
പ്രധാന സത്രവേദിയിൽ 10000 പേർക്ക് ഒരു സമയം ഇരിക്കാം
വിപുലമായ യജ്ഞവേദി
പൊലീസിന്റേയും അഗ്‌നിശമന സേനയുടേയും മറ്റും സേവനം
വാഹന പാർക്കിംഗിന് പ്രത്യേക സംവിധാനങ്ങൾ
പ്രധാന പാതകളിലും കവലകളിലും സൈൻ ബോർഡുകൾ
വൈക്കത്തു നിന്ന് പ്രത്യേക ബസ് സർവീസ്