വൈക്കം : ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ 22 വരെ നടക്കുന്ന 37-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണവിഗ്രഹവും വഹിച്ച് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽനിന്ന് പ്രയാണമാരംഭിച്ച രഥഘോഷയാത്ര നാളെ സത്രവേദിയിലെത്തും. ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ ഏറ്റുവാങ്ങിയ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ചൈതന്യ രഥം കഴിഞ്ഞ 28നാണ് പ്രയാണം തുടങ്ങിയത്. സത്രസമിതിയുടെ ആസ്ഥാനമന്ദിരത്തിൽ കെടാവിളക്ക് വച്ച് നിത്യപൂജ ചെയ്തുവരുന്ന ശ്രീകൃഷ്ണവിഗ്രഹമാണ് ഭാഗവതസത്ര വേദിയിൽ പ്രതിഷ്ഠിക്കുന്നത്. സത്ര വേദിയിലുയർത്തുന്നതിനുള്ള കൊടിക്കൂറയും ഗുരുവായൂരിൽ നിന്നാണ് കൊണ്ട് വരുന്നത്. തൃശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 300 ഓളം ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് രഥയാത്ര നാളെ ഉച്ചക്ക് ഒരു മണിയോടെ വൈക്കത്തെത്തിച്ചേരുക. തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിന്നുുള്ള കൊടിമരഘോഷയാത്രയും ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള കൊടിക്കയർ ഘോഷയാത്രയും ടിവിപുരം സരസ്വതീ ക്ഷേത്രത്തിൽ നിന്നുള്ള ഗ്രന്ഥ ഘോഷയാത്രയും വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വിഗ്രഹ രഥഘോഷയാത്രയുമായി സംഗമിച്ച് ചേരിക്കൽ അരിമ്പുകാവ് ഭഗവതീ ക്ഷേത്ര സങ്കേതത്തിലെത്തിച്ചേരും. അവിടെ നിന്ന് താലപ്പൊലിയുടേയും വാദ്യമേളങ്ങളടേയും നിശ്ചലദൃശ്യങ്ങളുടേയും അകമ്പടിയോടെ സംയുക്ത ഘോഷയാത്ര വൈകിട്ട് 4 മണിയോടെ ചെമ്മനത്ത് ക്ഷേത്രത്തിലേക്ക് നീങ്ങും. തുടർന്ന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി വിഗ്രഹ പ്രതിഷ്ഠയും കൊടിയേറ്റും നടത്തും. ഇന്ന് രാവിലെ നാരായണീയ സംഗമവും പാലുകാച്ചൽ, കലവറ നിറയ്ക്കൽ ചടങ്ങുകളും നടക്കും.