വൈക്കം: വൈക്കം ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനവും കാർത്തിക വിളക്കും ഭക്തിനിർഭരം.
രാവിലെ ആറ് മണിയോടെ തൃക്കാർത്തിക ദർശനത്തിനായി നട തുറന്നു. താരാകസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി വരുന്ന ദേവസേനാപതിയായ ഉദയനാപുരത്തപ്പന് ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ ദിനമാണ് കാർത്തികയായി കൊണ്ടാടുന്നത്.
കാർത്തിക വിളക്കിന് ഗജവീരൻ പാറമേക്കാവ് ശ്രീ പത്മനാഭൻ തിടമ്പേറ്റി. വലിയ ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പാണ് കാർത്തിക ദിനത്തിൽ നടന്നത്. കട്ടിമാലകളും പട്ടുടയാടകളും കൊണ്ട് അലങ്കരിക്കുന്ന വിഗ്രഹത്തിൽ നാലടിയോളം ഉയരം വരുന്ന സ്വർണ്ണ നിർമ്മിതമായ ശക്തിവേലും ചാർത്തും. ദേവസേനാപതിയുടെ രാജകീയ പ്രൗഡി നിറഞ്ഞ എഴുന്നള്ളത്തിന് ചെറുശ്ശേരി രാജ, തോട്ടയ്ക്കാട് കണ്ണൻ, തോട്ടയ്ക്കാട് രാജശേഖരൻ, നെല്ല്യക്കാട്ട് മഹാദേവൻ എന്നി ഗജവീരന്മാരും വാദ്യമേളങ്ങളും സ്വർണ്ണക്കുടയും ആലവട്ടവും വെൺചാമരവും അകമ്പടിയായി.