കോട്ടയം: 87-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കോട്ടയത്തുനിന്നുള്ള രണ്ട് പദയാത്രകൾ 25ന് പുറപ്പെടും. നാഗമ്പടം പദയാത്രസമിതിയുടെ നേതൃത്വത്തിൽ വല്യാട് ശ്രീനാരായണഗുരുമന്ദിരത്തിൽ നിന്നും, കുമരകം സമിതിയുടെ നേതൃത്വത്തിൽ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രസന്നിധിയിൽ നിന്നുമാണ് തീർത്ഥാടക സംഘങ്ങൾ പുറപ്പെടുന്നത്. നാഗമ്പടം സമിതിയുടെ പദയാത്ര 25ന് രാവിലെ 5.45ന് വല്യാട് ശാഖാങ്കണത്തിൽ ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. ശാഖ സെക്രട്ടറി പി.കെ. ബൈജു, പദയാത്രാസമിതി ചെയർമാൻ പി.കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും. 6ന് പുറപ്പെടുന്ന പദയാത്ര പുലിക്കുട്ടിശേരി, അയ്മനം, കുടയംപടി വഴി രാവിലെ 8.45ന് നാഗമ്പടം ക്ഷേത്രാങ്കണത്തിൽ എത്തി തേന്മാവിന് പ്രദക്ഷിണംവച്ച് തുടരുന്ന യാത്ര 29ന് വൈകിട്ട് 7.30ന് ശിവഗിരി മഹാസമാധിയിൽ എത്തും.

25ന് രാവിലെ 7ന് കുമാരമംഗലം ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു കുമരകം പദയാത്ര ഉദ്ഘാടനം ചെയ്യും. എസ്.കെ.എം. ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി. അശോകൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി തീർത്ഥാടന സന്ദേശം നൽകും. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ ക്യാപ്റ്റൻ എം.എൻ. ഗോപിദാസിന് പതാക കൈമാറും. ദേവസ്വം സെക്രട്ടറി കെ.ഡി. സലിമോൻ, ദേവസ്വം, പദയാത്ര സമിതി, കുമരകം മേഖലയിലെ ശാഖാഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. കുമരകം, തണ്ണീർമുക്കം, കിടങ്ങാംപറമ്പ്, അമ്പലപ്പുഴ, തോട്ടപ്പള്ളി, ഓച്ചിറ, കരുനാഗപ്പള്ളി, കൊട്ടിയം, ചാത്തന്നൂർ, അയിരൂർ, കരിനിലക്കോട് വഴി 30ന് വൈകിട്ട് 6ന് പദയാത്ര ശിവഗിരി മഹാസമാധിയിൽ സമാപിക്കും.

 പീതാംബരദീക്ഷ സമർപ്പണം

കുമരകം സംഘത്തിന്റെ തീർത്ഥാടനവ്രതാരംഭം കുറിച്ചുകൊണ്ടുള്ള പീതാംബരദീക്ഷ ചടങ്ങ് 15ന് രാവിലെ 10.30ന് കുമാരമംഗലം ക്ഷേത്രസന്നിധിയിൽ നടക്കും. തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ ഭക്തർക്ക് ദീക്ഷനൽകും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനം ചെയ്യും. പദയാത്രാ സമിതി ചെയർമാൻ പുഷ്കരൻ കുന്നത്തുചിറ അദ്ധ്യക്ഷത വഹിക്കും. എസ്.കെ.എം. ദേവസ്വം, പദയാത്രാ സമിതി ഭാരവാഹികൾ പങ്കെടുക്കും. സമിതി സെക്രട്ടറി സലിമോൻ മുണ്ടുചിറ സ്വാഗതവും ഖജാൻജി സുനിൽ കരിവേലിൽ നന്ദിയും പറയും.