അഞ്ചാനി സിനിമാസിൽ പ്രദർശനം നാളെ മുതൽ

പള്ളിക്കത്തോട് : വൻനഗരങ്ങളിൽ മാത്രം കണ്ടുവരുന്ന ഷോപ്പിംഗ് മാളോടുകൂടിയ മൾട്ടിപ്ലക്‌സ് തിയേറ്റർ ഇനി പള്ളിക്കത്തോടിനും സ്വന്തം. ഏറെനാളായുള്ള പ്രദേശവാസികളുടെ സിനിമാ സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്. നാളെ രാവിലെ 10.30 ന് 'മാമാങ്കം" ചിത്രത്തോടെ പ്രദർശനം ആരംഭിക്കും. തുടർന്ന് മൂന്നു സ്‌ക്രീനിലും ഇതേ ചിത്രം പ്രദർശിപ്പിക്കും.
പള്ളിക്കത്തോട്ടിൽ നേരത്തെയുണ്ടായിരുന്ന തിയേറ്റർ വർഷങ്ങൾക്കു മുൻപ് പൂട്ടിയിരുന്നു. ഇപ്പോൾ അതേ സ്ഥലത്ത് തിരിച്ചുവരുന്നത് മൂന്നു തിയേറ്ററുകളാണ്. സ്‌ക്രീൻ 1 ൽ 4 കെ.ഡോൾബി അറ്റ്‌മോസ്റ്റ് സൗണ്ട് സിസ്റ്റമാണുള്ളത്. മറ്റ് രണ്ടു സ്‌ക്രീനുകൾ 2 കെ.ഡോൾബി 7.1 സൗകര്യത്തിലാണ് പ്രവർത്തിക്കുക. മൂന്നു തിയേറ്ററുകളിലായി 450 സീറ്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. മൂന്നു നിലകളിലായാണ് കെട്ടിടം. പള്ളിക്കത്തോട് - പാലാ റൂട്ടിലാണ് തിയേറ്റർ കോംപ്ലക്‌സ്. വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുൻ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റായ ജിജി അഞ്ചാനിയാണ് ഉടമ.

താഴത്തെ നിലയിൽ

ആധുനിക കഫ്തീരിയ ഉൾപ്പെടുന്ന ഷാപ്പിംഗ് മാൾ

ഒന്നാം നിലയിൽ

തിയേറ്റർ സമുച്ചയം

രണ്ടാംനിലയിൽ

താമസ സൗകര്യങ്ങളോട് കൂടിയ മുറികൾ

നഗരങ്ങളിൽ കണ്ടുവരുന്ന സാങ്കേതിക സൗകര്യങ്ങൾ ഗ്രാമീണജനതയ്ക്കും അനുഭവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയും വലിയൊരു സംരഭത്തിന് തുടക്കം കുറിക്കുന്നത്.

ജിജി അഞ്ചാനി, അഞ്ചാനീസ് സിനിമാസ് ഉടമ