വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഒൻപതാം ദിവസം നടത്തിയ ആനയൂട്ട് ഉത്സവാഘോഷങ്ങൾക്ക് പ്രൗഡിയേകി. തലയെടുപ്പുള്ള അഞ്ച് ആനകളാണ് ക്ഷേത്രത്തിന്റെ തെക്കേമുറ്റത്ത് ആനയൂട്ടിന് നിരന്നത്.
വടക്കേനട ആനപ്രേമിസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആനയൂട്ട്. പാറമേക്കാവ് ശ്രീപത്മനാഭൻ, ചെറുശ്ശേരി രാജ, തോട്ടയ്ക്കാട്ട് കണ്ണൻ, തോട്ടയ്ക്കാട്ട് രാജശേഖരൻ, നെല്ലിക്കാട്ട് മഹാദേവൻ എന്നീ ആനകളാണ് ആനയൂട്ടിന് എത്തിയത്. ഉണക്കലരിച്ചോറും കരിമ്പും, പഴവർഗങ്ങളും ആനയൂട്ടിന് വിഭവങ്ങളായിരുന്നു. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേക്കാട്ടില്ലത്ത് ചെറിയ മാധവൻ നമ്പൂതിരി എന്നിവർ കാർമ്മികരായി.
വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡി. ജയകുമാർ, സബ് ഗ്രൂപ്പ് ഓഫീസർ കെ. ആർ. വിജയകുമാർ, വൈക്കം ജയകുമാർ, ആനപ്രേമി സംഘം രക്ഷാധികാരി അജിത് ഭാസ്‌ക്കർ, പ്രസിഡന്റ് രാഹുൽ കൊറ്റനാട്, സെക്രട്ടറി അജിത്ത് വൈക്കം, ജയകൃഷ്ണൻ, കാർത്തിക്, യദുഹരികൃഷ്ണൻ, രോഹിത് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മാധവൻകുട്ടി കറുകയിലിനെ സബ് ഗ്രൂപ്പ് ഓഫീസർ കെ. ആർ. വിജയകുമാർ ഉപഹാരം നൽകി ആദരിച്ചു.

പാറമേക്കാവ് ശ്രീപത്മനാഭൻ എന്ന ഗജവീരനെ പ്രത്യക്ഷ ഗണപതിയായി സങ്കൽപ്പിച്ചാണ് ഗജപൂജ നടത്തിയത്.തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി ഗജപൂജക്ക് കാർമ്മികത്വം വഹിച്ചു.