പാലാ : ജനറൽ ആശുപത്രിക്ക് കെ.എം.മാണിയുടേയും പ്രൊഫ. കെ.എം.ചാണ്ടിയുടേയും പേരിടുന്ന വിഷയം വിവാദമായി നിൽക്കെ, ഇക്കാര്യത്തിൽ ആശുപത്രി വികസന സമിതി യോഗത്തിന്റെ മിനിട്സ് തിരുത്തി എന്ന് ഒരു വിഭാഗം ഉന്നയിച്ച ആരോപണം ശുദ്ധ നുണയാണെന്ന് ഇതു സംബന്ധിച്ച രേഖകൾ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മേയ് 28 ന് ചേർന്ന ആശുപത്രി വികസനസമിതി യോഗത്തിൽ ജനറൽ ആശുപത്രിക്ക് കെ.എം.മാണിയുടെ പേരിടാൻ തീരുമാനിച്ചിരുന്നുവെന്നാണ് കേരള കോൺഗ്രസ് ജോസ് പക്ഷവും അന്നത്തെ മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോയും വാദിച്ചിരുന്നത്. എന്നാൽ ഇതു ശരിയല്ലെന്നും മിനിട്‌സിൽ പിന്നീട് ഈ തീരുമാനം എഴുതി ചേർക്കുകയായിരുന്നുവെന്നും നഗരസഭ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവനും ജോസഫ് ഗ്രൂപ്പ്, ഇടതുമുന്നണി അംഗങ്ങളും ആരോപിച്ചിരുന്നു. ആഗസ്റ്റ് 16ന് മിന്ട്സിന്റെ കോപ്പി എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തിരുന്നു. ഇതിൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേരിടണമെന്ന മുൻവികസനസമിതി യോഗത്തിന്റെ തീരുമാനം കൃത്യമായി പറയുന്നുണ്ട്. ഇത് മറച്ചുവച്ചാണ് മിനുട്‌സ് തിരുത്തി എന്ന ആരോപണവുമായി ചിലർ രംഗത്തിറങ്ങിയിട്ടുള്ളത്. ഇങ്ങനെ കെ.എം.മാണിയുടെ പേരിടാൻ ഒരു തീരുമാനം ഉണ്ടായിരിക്കെ ഇക്കാര്യം മറച്ചുവെച്ചാണ് കഴിഞ്ഞ ആശുപത്രി വികസന സമിതി യോഗത്തിൽ പ്രൊഫ. കെ.എം.ചാണ്ടിയുടെ പേര് ആശുപത്രിക്കു നൽകാൻ മാണി. സി. കാപ്പൻ എം.എൽ.എ യുടെ നേതൃത്വത്തിൽ വീണ്ടും തീരുമാനമെടുത്തത്. മുൻ തീരുമാനം എം.എൽ.എയെ ആരും അറിയിച്ചിരുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.
ആരോപണം അടിസ്ഥാനരഹിതം
വികസന സമിതി യോഗത്തിന്റെ മിനിട്‌സ് തിരുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു.സി.മാത്യു പറഞ്ഞു. മിനിട്‌സ് എഴുതിയപ്പോൾ ഉണ്ടായ ചെറിയൊരു ക്ലറിക്കൽ തകരാറാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഇത്തരം പിഴവുകൾ വരുത്താതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നഗരസഭയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.