കോട്ടയം: ഒരു മണിക്കൂറിന്റെ ഇടവേളയിൽ നഗരത്തിന്റെ ആറു കിലോമീറ്റർ ചുറ്റളവിൽ നടന്നത് നാല് മോഷണം. രണ്ടു സംഭവങ്ങളിലായി തമിഴ്നാട് മധുര സ്വദേശികളായ ദിവ്യ (28), തെയ്യമ്മ (48), ഇവരുടെ മകൾ ദിവ്യ (30) ) എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. മൂന്നു പേർക്കും തമിഴ്‌നാട്ടിലും കേരളത്തിലും നിരവധി കേസുകൾ ഉള്ളതായി വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് പറഞ്ഞു. ഇവർ കൂട്ടത്തോടെ എതെങ്കിലും നാട്ടിലെത്തി മോഷണം നടത്തി സാധനങ്ങളുമായി സ്ഥലം വിടുകയാണ് പതിവ്. മോഷണം നടന്ന ഉടൻ തന്നെ ഒപ്പമുള്ള പുരുഷന്മാർക്ക് സാധനം കൈമാറും. ഇതുമായി പുരുഷന്മാർ സ്ഥലം വിടുകയാണ് പതിവ്.
ഇന്നലെ നഗരത്തിൽ നടന്ന നാല് മോഷണങ്ങളും 11 നും ഒരു മണിയ്‌ക്കും ഇടയിലാണ്. ഈ മോഷണങ്ങൾക്കെല്ലാം പിന്നിൽ ഒരു സംഘം തന്നെയാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
സംഭവങ്ങൾ ഇങ്ങനെ
കോട്ടയം കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക ബസിൽ ആദ്യ മോഷണം. തെയ്യമ്മയും മകൾ ദിവ്യയും ചേർന്ന് കുമരകം സ്വദേശി അംബുജത്തിന്റെ മൂന്നര പവന്റെ മാല മോഷ്‌ടിക്കുന്നു. മോഷണം കണ്ട് കണ്ടക്ടർ ഇവരെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുന്നു
തിരുനക്കര ബസ് സ്റ്റാൻഡിൽ പയ്യപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സോന ബസിൽ നിന്നും പയ്യപ്പാടി സ്വദേശി എൽസമ്മ മേരി ഡൊമനിക്കിന്റെ പഴ്‌സിലുള്ള 2700 രൂപ മോഷണം പോകുന്നു. യാത്രക്കാരെ പരിശോധിക്കാൻ ബസ് നിർത്തിയപ്പോൾ തമിഴ‌്‌നാട് സ്വദേശിയായ ദിവ്യ ഇറങ്ങിയോടി. പിന്നാലെ ഓടിയ യാത്രക്കാർ ചേർന്ന് ഇവരെ പിടികൂടുന്നു. തുടർന്ന് പൊലീസിനു കൈമാറുന്നു.
കുമാരനല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം സ്വകാര്യ ബസിൽ മടങ്ങിയ ഏറ്റുമാനൂർ സ്വദേശിയായ വീട്ടമ്മയുടെ ഒന്നര പവൻ തൂക്കമുള്ള മാല മോഷണം പോകുന്നു.
നാഗമ്പടം ബസ് സ്റ്റാൻഡിൽ കുറവിലങ്ങാടു നിന്നും കെ.എസ്.ആർ.ടി.സി ബസിൽ വന്നിറങ്ങിയ ട്രഷറി ജീവനക്കാരി അനിത തോമസിന്റെ പഴ്സ് മോഷണം പോകുന്നു.
സുരക്ഷ ഉറപ്പാക്കാൻ സേഫ്റ്റി പിന്നുമായി പൊലീസ്
ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളും കൃത്രിമ തിരക്കുണ്ടാക്കി സ്വർണവും പണവും കവരുന്ന സംഘത്തെ കുരുക്കാൻ പൊലീസിന്റെ സേഫ്റ്റി പിൻ സുരക്ഷ. ഇതിന്റെ ഭാഗമായി കുമാരനല്ലൂർ ക്ഷേത്രത്തിലെ കാർത്തിക ദിവസം എത്തിയ സ്‌ത്രീകൾക്കെല്ലാം പൊലീസ് സേഫ്റ്റിപിൻ വിതരണം ചെയ്‌തിരുന്നു.