കൂരാലി: നാട്ടുചന്തയിൽ അടുത്ത ചൊവ്വാഴ്ച പോത്ത്, ആട്, കോഴി, താറാവ്, മുയൽ തുടങ്ങിയവയും വില്ക്കാനവസരം. ക്രിസ്മസ്,ന്യൂഇയർ പ്രമാണിച്ചാണ് വളർത്തുമൃഗങ്ങളുടെ ലേല വിപണനം. ഫെയ്‌സ് കർഷക കൂട്ടായ്മ കഴിഞ്ഞ വർഷം മുറ ഇനത്തിൽപ്പെട്ട പോത്തിൻകുട്ടികളെ കർഷകർക്ക് വിതരണം ചെയ്തിരുന്നു. ഇവയിൽ വളർച്ചയെത്തിയവയെ അടുത്തയാഴ്ച ചന്തയിൽ വില്പനയ്‌ക്കെത്തിക്കും. എലിക്കുളം പഞ്ചായത്തിലെ കൂരാലിയിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് സ്വാശ്രയ കാർഷിക സമിതി, കർഷക കൂട്ടായ്മയായ ഫെയ്‌സ്, ഇളങ്ങുളം സഹകരണ ബാങ്ക് എന്നിവ ചേർന്ന് നാട്ടുചന്ത നടത്തുന്നത്. നാട്ടിലെ കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറിയും മറ്റുവിളകളും വാങ്ങാൻ ചന്തയിൽ തിരക്കേറിയതോടെയാണ് വളർത്തുമൃഗങ്ങളുടെ ലേല വില്പനയ്ക്കും തുടക്കം കുറിക്കുന്നത്.