കോട്ടയം: ശബരമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തൻ അമ്പലക്കുളത്തിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശി ദിലീപ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചു മണിയോടെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രം അധികൃതർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. ഏറ്റുമാനൂർ സി.ഐ എ.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇൻക്വസ്റ്റ് തയാറാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.