കോട്ടയം: തമിഴ്നാട്ടിൽ നിന്നുള്ള നാടോടി സ്ത്രീകൾ കോട്ടയത്തിന്റെ ഉറക്കംകെടുത്തുന്നു.ബസ് യാത്രക്കാരും വീട്ടമ്മമാരുമായി നിരവധി പേർ ഇതിനകം ഇവരുടെ ഇരയായിക്കഴിഞ്ഞു.യാത്രക്കാരുടെ ആഭരണവും പണവും മാത്രമല്ല, വീടുകളിൽ നിന്ന് മൊബൈൽ ഫോണുകൾ വരെ തക്കം കിട്ടിയാൽ ഇവർ അടിമാറ്റും.സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങുന്ന ഒൻപതംഗ സംഘമാണ് കോട്ടയത്ത് കറങ്ങിനടക്കുന്നത്. ഇതിൽ മൂന്നുപേർ കഴിഞ്ഞ ദിവസം അകത്തായി. ബാക്കിയുള്ളവർ മുങ്ങിനടപ്പാണ്. ഒന്നര മണിക്കൂറിനുള്ളിൽ നാല് ബസ് യാത്രക്കാരുടെ സ്വർണാഭരണങ്ങളും പഴ്സുകളുമാണ് ഇവർ കഴിഞ്ഞ ദിവസം അടിച്ചുമാറ്റിയത്. കൃത്യമായി പറഞ്ഞാൽ അഞ്ചു പവനും 7,700 രൂപയും. ഉച്ചയ്ക്ക് 11നും 12.30നും ഇടയിലായി നാലു ബസുകളിലാണ് മോഷണം നടന്നത്. മോഷണത്തിന് പിന്നിൽ ഒരേ സംഘം തന്നെയാണെന്ന് പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. സംഘത്തിൽ രണ്ട് പുരുഷന്മാരുണ്ടെന്നാണ് അറിയുന്നത്. തമിഴ്‌നാട് മധുര സ്വദേശിനികളായ തെയ്യമ്മ (48), മകൾ ദിവ്യ (30), മധുര സ്വദേശിനി ദിവ്യ (28) എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ബസിൽ കയറിയാൽ കൊണ്ടേ പോകൂ..
കോട്ടയം-കുമരകം റൂട്ടിലാണ് ആദ്യ മോഷണം അരങ്ങേറിയത്. കാർത്തിക ബസിലെ യാത്രക്കാരിയായ അംബുജത്തിന്റെ മൂന്നര പവന്റെ മാലയാണ് മോഷ്ടിച്ചത്. മാല കത്രിക ഉപയോഗിച്ച് മുറിക്കുന്നതുകണ്ട കണ്ടക്ടറാണ് തെയ്യമ്മയെ കൈയോടെ പിടികൂടിയത്. ഞൊടിയിടയിൽ മാല മകൾ ദിവ്യക്ക് കൈമാറി. തെയ്യമ്മയെ പരിശോധിച്ചപ്പോൾ മാല കണ്ടെത്താനായില്ല. തുടർന്ന് ദിവ്യയുടെ ബൗസിനുള്ളിൽ നിന്ന് മാല കണ്ടെടുക്കുകയായിരുന്നു. രണ്ടാമത്തെ മോഷണം കോട്ടയത്ത് നിന്ന് പയ്യപ്പാടിയിലേക്ക് പോയ സോന ബസിലായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞാണ് ബാഗിലുണ്ടായിരുന്ന പഴ്‌സ് മോഷ്ടിച്ചത്. പയ്യപ്പാടി സ്വദേശി മേരിയുടെ 2,700 രൂപയാണ് ഇങ്ങനെ പോയത്. പണം നഷ്ടമായെന്ന് അറിഞ്ഞതോടെ മേരി സഹയാത്രികരോട് വിവരം പറഞ്ഞു. ഇതോടെ ബസ് നിർത്തി. പിടിയിലാവുമെന്ന് ഉറപ്പായതോടെ ദിവ്യ ഇറങ്ങിയോടി. ഇതോടെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് പിടികൂടി. ദിവ്യയിൽ നിന്ന് പണം സഹിതം പഴ്‌സ് കണ്ടെടുത്തു. കുമാരനല്ലൂർ ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ ഒന്നര പവന്റെ മാലയും സ്വകാര്യ ബസിൽ അപഹരിക്കപ്പെട്ടു. കൂടാതെ കുറവിലങ്ങാട്ടുനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കോട്ടയത്തേക്ക് പുറപ്പെട്ട ട്രഷറി ജീവനക്കാരി അനിത തോമസിന്റെ 5,000 രൂപയും കവർച്ചചെയ്യപ്പെട്ടു. നാഗമ്പടം സ്റ്റാന്റിലെത്തിയപ്പോഴാണ് അനിത മോഷ്ണവിവരം അറിയുന്നത്. അപ്പോഴയ്ക്കും മോഷ്ടാവ് സ്ഥലംവിട്ടിരുന്നു. രണ്ടു കുടുംബത്തിലെ ഒൻപതു പേരാണ് മോഷണത്തിനായി കോട്ടയത്ത് എത്തിയിട്ടുള്ളത്. ഇതിൽ രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമുണ്ട്. തിരക്കുള്ള ബസുകൾ നോക്കിയാണ് ഇവർ കയറുന്നത്. നിമിഷനേരം കൊണ്ട് മാലയും വളകളും മുറിച്ചെടുക്കുകയാണ് പതിവ്. അപഹരിക്കപ്പെടുന്ന സ്വർണവും പഴ്‌സും ഞൊടിയിടയിൽ ബസിൽതന്നെയുള്ള പുരുഷന്മാരുടെ കൈയിലേയ്ക്ക് കൈമാറും. അവർ അടുത്ത സ്റ്റോപ്പിലിറങ്ങി സ്ഥലം കാലിയാക്കും. സ്ത്രീകളെ പിടികൂടിയാലും മോഷണ മുതൽ കണ്ടെത്താനാകില്ല. അതിനാൽ പൊലീസിന് കേസ് എടുക്കാനും കഴിയില്ല.
കുഞ്ഞെന്ന് കരുതും പക്ഷെ, കാഞ്ഞവിത്താണ്
ചില സംഘങ്ങളിൽ കൈക്കുഞ്ഞും ഉണ്ടാകാറുണ്ട്. ബസിൽ യാത്രചെയ്യുന്നതിനിടയിൽ കുഞ്ഞുങ്ങൾ അടുത്തുനില്ക്കുന്ന സ്ത്രീയുടെ വസ്ത്രങ്ങളിൽ പിടിക്കും. ആദ്യമൊന്ന് തിരിഞ്ഞുനോക്കുമെങ്കിലും കുട്ടിയായതിനാൽ പിന്നീട് ശ്രദ്ധിക്കില്ല. ഈ അവസരം മുതലാക്കി കുട്ടിയോടൊപ്പമുള്ള സ്ത്രീകൾ മാലയും പണവും കവരും.
വീടുകളിൽ കയറി മോഷണം നടത്തുന്ന സംഘവുമുണ്ട്. പ്രായമായവർ മാത്രം താമസിക്കുന്ന വീടുകളാണ് ഇവർ നോട്ടം. വസ്ത്രവും സഹായവും ആവശ്യപ്പെട്ടാണ് ഇവർ വീടുകൾ എത്തുന്നത്. രണ്ടോ മൂന്നോ പേർ അടങ്ങുന്ന സംഘമായിട്ടായിരിക്കും വരുന്നത്. ഭിക്ഷയായി പത്തു രൂപനല്കിയാലും ഇവർ വീട്ടിൽ നിന്ന് പോകില്ല. പഴയ വസ്ത്രങ്ങൾ ആവശ്യപ്പെടും. ഇതിനിടയിൽ ഒരാൾ കുടിവെള്ളം ചോദിക്കും. വെള്ളമെടുക്കാനായി വീട്ടമ്മ അടുക്കളയിലേക്ക് പോകുന്ന തക്കത്തിന് ഒരാൾ കയറി അലമാലയും മറ്റും തുറന്ന് മുഴുവൻ തപ്പിയെടുക്കും. ഒരു സ്ഥലത്ത് നിന്ന് ആരെങ്കിലും പിടിക്കപ്പെട്ടാൽ സംഘം അവിടെനിന്ന് അപ്രത്യക്ഷമാകും. പിന്നെ മറ്റൊരു സ്ഥലത്ത് തമ്പടിക്കും. പിടിയിലാകുന്നവരെ ജാമ്യത്തിലെടുക്കാൻ സംഘത്തിന് പ്രത്യേകം അഭിഭാഷകരുണ്ട്. കേസ് വാദിക്കുന്നതും ഇവർ തന്നെയാണ്.