കോട്ടയം: നിയമം ലംഘിച്ചുള്ള മണ്ണെടുപ്പ് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് ജെ.സി.ബി കസ്റ്റഡിയിലെടുത്തു. ഹിറ്റാച്ചി കസ്റ്റഡിയിലെടുത്തെങ്കിലും സ്ഥലമുടമയ്ക്ക് തിരികെനൽകി. രജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത ജെ.സി.ബി പിന്നീട് മണർകാട് പൊലീസിന് കൈമാറി. മണർകാട് - അയർക്കുന്നം റോഡിൽ മാലം ചേനന്നംകുന്ന് കവലയ്ക്ക് സമീപമാണ് അനധികൃത മണ്ണെടുപ്പ് നടന്നത്. മണ്ണെടുത്തുകൊണ്ടിരിക്കെയാണ് തിങ്കളാഴ്ച ഉദ്യോഗസ്ഥരെത്തി ഖനനം നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. ഡെപ്യൂട്ടി തഹസീൽദാർ ജോർജ് കുര്യൻ, മണർകാട് വില്ലേജ് ഓഫീസർ കൃഷ്ണകുമാർ എന്നിവരാണ് മണ്ണെടുപ്പ് തടഞ്ഞത്. റവന്യു ഉദ്യോഗസ്ഥർ പുറപ്പെട്ടിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മണ്ണ് കയറ്റാൻ എത്തിയ ടിപ്പർ സ്ഥലത്തുനിന്നും മാറ്റിയതിനാൽ അത് പിടിച്ചെടുക്കാൻ സാധിച്ചില്ല. വീട് വയ്ക്കാൻ പത്തുസെന്റ് സ്ഥലം ഒരുക്കാനെന്നപേരിലാണ് മാലത്തെ സൈറ്റിൽ നിന്നും വൻതോതിൽ മണ്ണ് ഖനനം ചെയ്തിരുന്നത്. ഇക്കാര്യം കഴിഞ്ഞദിവസം കേരളകൗമുദി ഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് റവന്യു വകുപ്പ് പരിശോധനയ്ക്ക് എത്തിയത്. ഖനനം സജീവമായതോടെ പ്രദേശത്തെ കിണറുകളിലെ വെള്ളം വറ്റിയിരുന്നു. മഴക്കാലത്ത് മണ്ണും ചെളിയും നിറ‌ഞ്ഞ് രണ്ട് കിണറുകൾ മൂടി. പണവും സ്വാധീനവും ഉപയോഗിച്ച് മണ്ണ് മാഫിയ പിടിമുറുക്കിയതോടെ നാട്ടുകാർ സമരവുമായി രംഗത്തെത്തിയിരുന്നു.

കുടിവെള്ളപദ്ധതി പാളി

അനധികൃത മണ്ണെടുപ്പ് കാരണം തൊടിയിൽ ലാലു, പെരുമ്പള്ളി പൊന്നുമണി എന്നിവരുടെ കിണറുകൾ നശിച്ചിരുന്നു. മണർകാട് സെന്റ് മേരിസ് കോളേജിലെ വിദ്യാർത്ഥികളെത്തിയാണ് മണ്ണ് മാറ്റി കിണർ ശുചിയാക്കിയത്. മണ്ണെടുപ്പ് കാരണം കൊച്ചുപറമ്പ് കുടിവെള്ള പദ്ധതിയും പാളിയ അവസ്ഥയാണ്.അതേസമയം മണ്ണ് മാഫിയ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനെയും മണർകാട് പൊലീസിനെയും സ്വാധീനിച്ചാണ് ഖനനം നടത്തിയിരുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.