കോട്ടയം: താജ് മഹലും അജന്ത, എല്ലോറ ഗുഹകളുമടക്കം രാജ്യത്തെ പതിനേഴ് സവിശേഷ ടൂറിസം കേന്ദ്രങ്ങളുടെ ലിസ്റ്റിലേക്ക് കുമരകം ഗ്രാമവും . ലോകത്തിൽ സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ടൂറിസം ഡസ്റ്റിനേഷനുകളിലേക്കാണ് ഇതോടെ കുമരകവും ഉയർത്തപ്പെടുന്നത്. കേന്ദ്ര ടൂറിസം വകുപ്പ് അംഗീകരിച്ച ലിസ്റ്റിന് ഇനി ധനകാര്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയാൽ മതി.

കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ, മികച്ച റോഡുകൾ, എയർസ്ട്രിപ്പ് ,ബ്രാൻഡിംഗ്, സ്വകാര്യ നിക്ഷേപം വഴി കൂടുതൽ വികസനം എന്നിവ സവിശേഷ ടൂറിസം പദവിയിലെത്തിയാൽ ലഭിക്കും. പ്രാദേശിക തലത്തിലെ ഉന്നതി കൂടി ലക്ഷ്യമിടുന്ന പദ്ധതിയിൽ തദ്ദേശ വാസികൾക്ക് നൈപുണ്യ വികസന പരിശീലന പദ്ധതികളുമുണ്ട്. ഈ കേന്ദ്ര്രങ്ങളിലേക്കുള്ള ഗതാഗത സൗകര്യവും മെച്ചപ്പെടുത്തും.

നല്ലറോഡ്, കുടിവെള്ളം, തടസമില്ലാത്ത വൈദ്യുതി അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത കുമരകത്തിന്റെ മുഖച്ഛായ ഇതുവഴി മാറും. വേമ്പനാട്ടു കായലിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിച്ച് കായൽ ശുദ്ധീകരിക്കും. കണ്ടൽ കാടുകൾ വച്ചുപിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിന് കുടുതൽ പ്രാധാന്യം ലഭിക്കും. കായൽ കൈയേറ്റത്തിനും അറുതിയുണ്ടാവും.

ചേർത്തലയ്ക്ക് പുതിയ റോഡ്

കൺവെൻഷൻ സെന്റർ

ആധുനിക ആർട്ട് ഗാലറി

അമ്യൂസ് മെന്റ് പാർക്ക്

ജലകായിക സൗകര്യങ്ങൾ

ഇന്ത്യയിലെ

17 ൽ ഒന്ന്

2005ലാണ് കുമരകം പ്രത്യേക ടൂറിസം മേഖലയാക്കിയത്.പ്രധാനമന്ത്രിയായിരുന്ന വാജ്പേയി ഒരാഴ്ച വിശ്രമത്തിനും ചികിത്സയ്ക്കുമായി എത്തിയതോടെ കുമരകം ലോക ശ്രദ്ധയിലേക്കുയർന്നു. നാട്ടുകാരെ കൂടി പങ്കാളികളാക്കിയുള്ള ഉത്തരവാദിത്വ ടൂറിസം കേരളത്തിൽ ആദ്യം വിജയകരമായി നടപ്പാക്കിയത് ഇവിടെയാണ്.

വിജയാനന്ദ്, തിരുവാർപ്പ്