ചങ്ങനാശേരി : മദ്ധ്യതിരുവതാം കൂറിലെ പ്രസിദ്ധമായ ചങ്ങനാശേരി പൂതൂർപ്പള്ളി ചന്ദനക്കുടത്തിന് 16 ന് വൈകിട്ട് 5 ന് ജമാഅത്ത് പ്രസിഡന്റ് പി.എസ്.പി റഹീം കൊടിയേറ്റും. 25 ന് വൈകിട്ട് 4 ന് പുതൂർപളളി അങ്കണത്തിൽ 218-ാമത് ചന്ദനക്കുട ദേശീയാഘോഷം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. മാനവമൈത്രിസംഗമം സി.എഫ് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ മാനവമൈത്രി സന്ദേശവും നൽകും. ചന്ദനക്കുടഘോഷയാത്ര എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
പഴയപള്ളി മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് നജീബ് പത്താൻ, നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, കാവിൽ ഭഗവതി ഉപദേസക സമിതി പ്രസിഡന്റ് പ്രസാദ്, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, നഗരസഭ വൈസ് ചെയർപേഴ്സൺ അംബിക വിജയൻ, വാർഡ് കൗൺസിലർ അഡ്വ. പി.എ നസീർ, ജമാഅത്ത് വൈസ് പ്രസിഡന്റ് സാജിത് മുഹമ്മദ്, ഖജാൻജി അബ്ദുൽ സലാം പി.ബി, ചന്ദനക്കുട ജനറൽ കൺവീനർ ജാനി പി.ബി എന്നിവർ സംസാരിക്കും. ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഹനീഫ നന്ദിയും പറയും.
വൈകിട്ട് 5.15 ന് ചന്ദനക്കുടം ഘോഷയാത്ര പുതൂർപ്പള്ളി അങ്കണത്തിൽ നിന്ന് പുറപ്പെടും. 26 ന് രാവിലെ 8 ന് ഇരൂപ്പാ ജംഗ്ഷനിൽ ശിങ്കാരിമേളം, ഇരൂപ്പാ തൈക്കാവിൽ നിന്ന് ചന്ദനക്കുടം ഘോഷയാത്ര. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 11.5 ന് പള്ളി അങ്കണത്തിൽ എത്തിച്ചേരും. 3 ന് ചന്തയിൽ നിന്നും പുറപ്പെടുന്ന ചന്ദനക്കുടഘോഷയാത്ര രാത്രി 10.30 ന് പള്ളിയിൽ തിരിച്ചെത്തും. പുലർച്ചെ 12ന് നേർച്ചപ്പാറയിലേക്ക് ചന്ദനക്കുടഘോഷയാത്ര. 1.30ന് നേർച്ചപ്പാറയിൽ നിന്ന് തിരിയ്ക്കുന്ന ഘോഷയാത്ര 3.30 ന് പുതൂർപളളി അങ്കണത്തിലെത്തുന്നതോടെ ചന്ദനക്കുടാഘോഷചടങ്ങുകൾ സമാപിക്കും. 26 ന് രാത്രി 9.30ന് ഗാനമേള, രാത്രി 12.30 ന് മാപ്പിള ഗാനമേള.