കോട്ടയം : രാജ്യത്തെ ആദ്യ സംഘർഷരഹിത പഞ്ചായത്തായി കുറവിലങ്ങാടിനെ മാറ്റാനുള്ള സമന്വയ പദ്ധതിക്ക് തുടക്കമാകും. ആഗോളതലത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന നോൺ വയലൻസ് പ്രോജക്ട് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. സംഘർഷ നില നിർണയിക്കാൻ സർവേ നടത്തും. തുടർന്ന് ഇവ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടും. സംഘർഷ ലഘൂകരണം സാദ്ധ്യമായോയെന്നറിയാൻ വീണ്ടും സർവേ നടത്തും. 50 കുടുംബങ്ങൾ വീതമുള്ള കൂട്ടായ്മകൾ രൂപീകരിച്ച് ബന്ധം ദൃഢമാക്കും. നിലവിലുള്ള തർക്കവും പരാതിയും രമ്യതയിലെത്തിക്കും. നാളെ ഉച്ചയ്ക്ക് 12.30ന് സെഹിയോൻ ഊട്ടുശാല ആഡിറ്റോറിയത്തിൽ മന്ത്രി എ.സി.മൊയ്തീൻ പദ്ധതി ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സമന്വയ ഓഫീസ് ഉദ്ഘാടനം എം.പിമാരായ ജോസ് കെ.മാണിയും, തോമസ് ചാഴികാടനും ചേർന്ന് നിർവഹിക്കും.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

അതിക്രമങ്ങളും കേസുകളും ഒഴിവാക്കൽ

പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കുക

മാനസികോല്ലാസത്തിന് കൂടുതൽ പ്രാധാന്യം

ലഹരി മുക്തമാക്കാനുള്ള പരിശ്രമം

മാലിന്യ നിർമ്മാർജനം