കോട്ടയം: ഈ നക്ഷത്രങ്ങൾ വെറുമൊരലങ്കാരമല്ല, മതസൗഹാർദ്ദത്തിന്റെയും അയൽപക്കസ്നേഹത്തിന്റെയും പ്രതീകങ്ങളാണ്.
ക്രിസ്മസ് സീസണായാൽ വീട്ടിലും സ്ഥാപനത്തിലുമൊക്കെ ഒരുനക്ഷത്രദീപമെങ്കിലും വേണമെന്നത് മലയാളിമനസിന്റെ പൊതുവികാരമായി മാറിയിട്ട് നാളേറെയായി. അതുകൊണ്ടുതന്നെ പ്രളയാനന്തര സാമ്പത്തിക മാന്ദ്യത്തിനൊന്നും പിടികൊടുക്കാത്ത നക്ഷത്രവിപണിയിൽ വൻതിരക്കാണ്. ചൈനീസ്, കുന്നംകുളം ബ്രാന്റ് ഉത്പന്നങ്ങളാണ് ഇത്തവണയും വിപണിയിലെ മിന്നുംതാരങ്ങൾ. എപ്പോഴും ഒരുപോലെ പ്രകാശംപരത്തുന്ന 'നിയോൺ സ്റ്റിൽ സ്റ്റാർ' എന്നയിനമാണ് ഈ വർഷത്തെ പുതുമുഖം. അതോടൊപ്പം കുറഞ്ഞചെലവിൽ കൂടിയപ്രകാശം പരത്തുന്ന സ്പോട്ട് ലൈറ്റുകളുമെത്തിയിട്ടുണ്ട്. ഇതിന് പുറമെ സാധാരണ പേപ്പർ നിർമിതികൾ മുതൽ എൽ.ഇ.ഡി. ഘടിപ്പിച്ച പ്ലാസ്റ്റിക് നക്ഷത്രങ്ങൾവരെ സുലഭമാണ്.
നക്ഷത്രങ്ങൾക്ക് പുറമെ ക്രിസ്മസ് ട്രീ, റെഡിമെയ്‌ഡ് പുൽക്കൂട്, സാന്താക്ലോസ് വേഷം, സ്നോമാൻ, പുൽക്കൂട് അലങ്കരിക്കാനുള്ള പ്ലാസ്റ്റിക് നിർമിത കൃത്രിമപുല്ല്, പന്നൽചെടികൾ, വിവിധയിനം പുഷ്പങ്ങളോടുകൂടിയ വള്ളിച്ചെടികൾ, മാലാഖമാർ, ഉണ്ണിയേശു, ഇടയന്മാർ, കാലികൾ തുടങ്ങിയ രൂപങ്ങൾ ഉൾപ്പെടെ ഉപഭോക്താക്കളുടെ ശേഷിക്കനുസരിച്ച് ക്രിസ്മസ് അലങ്കാരങ്ങൾ വിപണിയിലുണ്ട്. കഴിഞ്ഞമാസം 25 ന് തുടങ്ങിയ അലങ്കാരവിപണി മാന്ദ്യമേതുമില്ലാതെ മുന്നേറുന്നതിൽ വ്യാപാരികളും സന്തുഷ്ടരാണ്. എല്ലാ ഉത്പന്നങ്ങൾക്കും 18 ശതമാനം ജി.എസ്.ടി ബാധകമാണെങ്കിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചിലയിനങ്ങൾക്ക് 50 മുതൽ 100 രൂപവരെ വിലക്കുറവുമുണ്ട്.
ക്രിസ്മസ് അലങ്കാരം: വിലവിവരപ്പട്ടിക
പേപ്പർ നക്ഷത്രങ്ങൾ റൗണ്ട് :- ₹ 65 - 90 വരെ
എൽ.ഇ.ഡി. സ്റ്റാർസ് :- ₹ 70 - 550 വരെ
സാധാരണ പേപ്പർ നക്ഷത്രങ്ങൾ :- ₹ 50- 260
ഇല്യുമിനേഷൻ ബൾബുകൾ 50 എണ്ണം :- ₹ 190 - 350
ക്രിസ്മസ് ട്രീ ( വിവിധവർണങ്ങളിൽ പ്രകാശിക്കുന്നത്). :- ₹ 5000- 6000
സാന്താക്ലോസ് വേഷം (വെൽവെറ്റ്) :- ₹ 750- 900
സാന്താക്ലോസ് വേഷം (സാദാ) :- ₹ 180- 280
ഡൂം ലൈറ്റ് :- ₹ 250- 500
പുൽക്കൂട് അലങ്കരിക്കാനുള്ള രൂപങ്ങൾ (18 എണ്ണം) :- ₹ 200- 1800
'വർഷം ചെല്ലുന്തോറും ട്രന്റ് കൂടിവരുന്നതും യാതൊരു മാന്ദ്യവും ബാധിക്കാത്തതുമായ വ്യാപാര മേഖലയാണ് ക്രിസ്മസ് അലങ്കാരവിപണി. ജാതി മതഭേതമില്ലാതെ ക്രിസ്മസ് ആഘോമാക്കാൻ എല്ലാവിഭാഗം ആളുകൾക്കുമുള്ള താത്പര്യം അലങ്കാര വിപണിയുടെ ആവേശമാണ്. കഴിഞ്ഞ 25 ന് ആരംഭിച്ച വിപണിയിൽ ആദ്യമെത്തിയത് പ്രവാസി മലയാളികളാണ്. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറി താമസിക്കുന്ന മലയാളികൾ ഇവിടെനിന്നാണ് നക്ഷത്രങ്ങളും മറ്റും വാങ്ങിക്കൊണ്ടുപോകുന്നത്.'
:- കുരുവിള, പാതയിൽ (39 വർഷമായി കോട്ടയത്തെ ക്രിസ്മസ് അലങ്കാര വ്യാപാരി)