കുറവിലങ്ങാട് : ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരമേഖലയുടെ വികസനത്തിന് തദ്ദേശസ്ഥാപനങ്ങളും ക്ഷീരവികസന വകുപ്പും നടപ്പാക്കി വരുന്ന മൂന്നു കോടി രൂപയുടെ വികസന പദ്ധതികൾ വിജയപാതയിൽ. 19500 ലിറ്റർ പാലാണ് ക്ഷീരസംഘങ്ങളിൽ ദിവസവും സംഭരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ മുഖേന 2.45 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.
പാലിന് സബ്‌സിഡിയായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും അഞ്ച് ഗ്രാമപഞ്ചായത്തുകളും 102.5 ലക്ഷം രൂപ കർഷകർക്ക് നൽകി. സംഘങ്ങളിൽ പാൽ നൽകുന്നവർക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 35 ലക്ഷത്തിന്റെയും 9 ഗ്രാമപഞ്ചായത്തുകൾ വകയിരുത്തിയ 55.5 ലക്ഷം രൂപയുടെയും പദ്ധതികൾ പൂർത്തീകരണഘട്ടത്തിലാണ്. ജില്ലാ പഞ്ചായത്തിന്റെ ക്ഷീരവർധിനി പദ്ധതിയിൽ റിവോൾവിംഗ് ഫണ്ടായി ലഭിച്ച 52 ലക്ഷം രൂപ കറവപ്പശുക്കളെ വാങ്ങുന്നതിന് പലിശ രഹിത വായ്പയായി നൽകി വരുന്നു. ഉഴവൂർ ക്ഷീര വികസന യൂണിറ്റ് പരിധിയിലെ 26 സംഘങ്ങളിലായി 13500 ലിറ്ററും മാഞ്ഞൂർ ക്ഷീര വികസന യൂണിറ്റിനു കീഴിലെ ഏഴ് ക്ഷീരസംഘങ്ങളിൽ 6000 ലിറ്ററുമാണ് ദൈനംദിന പാൽ സംഭരണം.
ക്ഷീരവികസന വകുപ്പിന്റെ പദ്ധതികൾ
എം.എസ്.ഡി : 26.09 ലക്ഷം
തീറ്റപ്പുൽ കൃഷി വികസനം : 6.63 ലക്ഷം
വിജ്ഞാനവ്യാപനം : 2.03 ലക്ഷം
എസ്.സി.എ ടു എസ്.സി.പി : 6 ലക്ഷം
ക്ഷീര സംഘങ്ങൾക്ക് ധനസഹായം : 14.87 ലക്ഷം
2 ക്ഷീരവികസന യൂണിറ്റുകൾ
33 ക്ഷീര വികസന സംഘങ്ങൾ
കൂടുതൽ സംഭരിച്ചത് ചക്കാമ്പുഴ
ഈ വർഷം ഏറ്റവും കൂടുതൽ പാൽ സംഭരിച്ചത് ചക്കാമ്പുഴ ക്ഷീരസംഘമാണ്. 1791 ലിറ്ററാണ് ഇവിടുത്തെ പ്രതിദിന സംഭരണം. 1,11,596 ലിറ്റർ പാൽ അളന്ന കരിങ്ങനാട്ട് കെ.ജെ. സ്റ്റീഫനാണ് ബ്ലോക്കിലെ മികച്ച കർഷകൻ. വെള്ളിയാങ്കണ്ടം തങ്കമ്മ ജോസഫ്, വട്ടകുളം വേങ്ങയിൽ ഷൈനി ബാബു എന്നിവരാണ് ഈ വർഷത്തെ മികച്ച വനിതാ ക്ഷീരകർഷകർ. കഴിഞ്ഞ ദിവസം നടന്ന ബ്ലോക്ക് ക്ഷീര കർഷക സംഗമത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഇവർക്ക് പുരസ്‌കാരം സമ്മാനിച്ചു.