പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചെങ്കിലും അന്വേഷണം അട്ടിമറിക്കാൻ ഗൂഢനീക്കം നടക്കുന്നതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. സി.ഡി.എസുമായി ബന്ധപ്പെട്ട വിവാദം ഗ്രാമപഞ്ചായത്തിലും പുറത്തും ഏറെ ചർച്ചയായിരുന്നു. യു.ഡി.എഫും ബി.ജെ.പി.യും ഇതു സംബന്ധിച്ച് വെവ്വേറെ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു.
ഒക്ടോബർ 25 ന് ചേർന്ന അടിയന്തിര കമ്മിറ്റിയിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും പ്രസിഡന്റും ഭരണകക്ഷിയും നിലപാടെടുത്തു. എന്നാൽ പ്രതിപക്ഷത്ത് നിന്നും യു.ഡി.എഫും ബി.ജെ.പിയും ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്നു നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ വോട്ടെടുപ്പു നടക്കുകയും ഭൂരിപക്ഷ മെമ്പർമാർ വിജിലൻസ് അന്വേഷണത്തെ അനുകൂലിച്ച് വോട്ടുരേഖപ്പെടുത്തുകയുമായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് നാളിതുവരെയായിട്ടും വിജിലൻസിന് രേഖാമൂലം തീരുമാനം കൊടുക്കാൻ സെക്രട്ടറി തയ്യാറായിട്ടില്ലെന്നാണ് യു.ഡി.എഫ് ആരോപണം. അസിസ്റ്റന്റ് സെകട്ടറി കുടുംബശ്രീ ജില്ലാ മിഷന് നല്കിയ കത്തിൽ ജില്ലാമിഷനിൽ നിന്ന് വിജിലൻസ് അന്വേഷണം സംബന്ധിച്ച് നിർദ്ദേശം നല്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു ശരിയല്ലെന്നും കമ്മിറ്റി തീരുമാനം നേരിട്ട് തന്നെ വിജിലൻസിന് നല്കണമെന്നുമാണ് യു.ഡി.എഫ് നിലപാട്. ഇക്കാര്യം ഉടനുണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ പുനരാരംഭിക്കുമെന്നും യു.ഡി.എഫ് അംഗങ്ങളായ ഷാജി പാമ്പൂരി, മോളിക്കുട്ടി തോമസ്, ത്രേസ്യാമ്മനല്ലേപ്പറമ്പിൽ , റോസമ്മ പി.സി ,സ്മിതാ ലാൽ എന്നിവർ അറിയിച്ചു.