പൊൻകുന്നം : സൗകര്യങ്ങളിലും സേവന മികവിലും ബഹുദൂരം മുന്നേറി ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ഐ.എസ്.ഒ. നിലവാരത്തിൽ. സംസ്ഥാനത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയാണ് കോട്ടയം. ജില്ലാതല പ്രഖ്യാപനം നാളെ രാവിലെ 9 ന് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും. മന്ത്രി പി. തിലോത്തമൻ ബ്ലോക്കുകൾക്ക് അനുമോദനപത്രം വിതരണം ചെയ്യും. ഡോ.എൻ ജയരാജ് എം.എൽ.എ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പൗരാവകാശ രേഖ പ്രകാശനം ചെയ്യും. വനിതാ ഖാദി യൂണിറ്റിന്റെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജ് നിർവഹിക്കും. മുൻ എം.എൽ.എ വി.എൻ.വാസവൻ, ഗ്രാമവികസന വകുപ്പ് കമ്മിഷണർ എൻ.പത്മകുമാർ, ജില്ലാ കളക്ടർ പി.കെ. സുധീർബാബു, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പുഷ്‌ക്കലാ ദേവി, ജില്ലാ ആസൂത്രണ സമിതിയിലെ സർക്കാർ നോമിനി വി.പി.റെജി, പി.എ.യു. പ്രോജക്ട് ഡയറക്ടർ പി.എസ്.ഷിനോ, എ.ഡി.സി.ജനറൽ ജി.അനീസ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ കലാ പരിപാടികളും നാടൻപാട്ട് ദൃശ്യാവിഷ്‌ക്കാരവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.