കോട്ടയം : കുമാരനല്ലൂർ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നട്ടാശേരി വേമ്പിൻ കുളങ്ങര ക്ഷേത്രത്തിൽ നടത്തിയ ഗാനമേളയ്‌ക്കിടെയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. നട്ടാശേരി മാടപ്പള്ളി ശശികുമാർ (52), നട്ടാശേരി അശോകഭവനിൽ അശോകൻ (47) എന്നിവർക്കാണ് വെട്ടേറ്റത്. ശശികുമാറിനെ വെട്ടിയ സംഘം, അശോകനെ വിളക്കിന് കുത്തിവീഴ്‌ത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽക്കേസ് പ്രതികളായ പാറമ്പുഴ ലക്ഷംവീട് കോളനിയിൽ മഹേഷ് (23), പാറമ്പുഴ അത്യാർകുളം അനന്തു (സുധി -22), ചവിട്ടുവരി ഒറ്റപ്ലാക്കൽ ശ്രീദേവ് (18) എന്നിവരെ ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്‌‌തു. കാർത്തിക ദിവസം രാത്രിയിൽ പതിനൊന്നരയോടെ നട്ടാശേരിയിലായിരുന്നു സംഭവം. കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ അനന്തുവും സുധിയും മഹേഷും ശശികുമാറും അശോകനുമായി തർക്കമുണ്ടായി. തുടർന്ന് പ്രതികൾ മൂന്നു പേരും ചേർന്ന് ഇരുവരെയും ആക്രമിക്കുയും വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.