subaraj-jpg

വൈക്കം: ഭാഗവത സത്രത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്തർക്ക് നാല് നേരവും വിഭവങ്ങളൊരുക്കി അന്നമൂട്ടാൻ മരട് വട്ടംതറമഠത്തിൽ സുബ്ബരാജും സംഘവും എത്തി. കഴിഞ്ഞ അഞ്ച് സത്രങ്ങൾക്കും അന്നദാനത്തിന് വിഭവങ്ങളൊരുക്കാൻ മുഖ്യ ദേഹണ്ണിയായിരുന്ന സുബ്ബരാജ് 37 ാമത് ഭാഗവത സത്രത്തിലും അന്നമൊരുക്കാൻ നയോഗം കിട്ടയാണ് വൈക്കത്ത് ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സത്രവേദിയിൽ എത്തുന്നത്. ഭക്തർക്ക് തൃപ്തിയാകുംവണ്ണം വിധത്തിൽ സ്വാദിഷ്ടമായ വിഭവങ്ങൾ ഒരുക്കുന്ന കൈപുണ്യമാണ് സുബ്ബരാജിനെ ഈ രംഗത്ത് ശ്രദ്ധേയനാക്കിയത്.
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 12 ന് തുടങ്ങി 22 ന് അവസാനിക്കുന്ന ഭാഗവത സത്രത്തിൽ ഊട്ടുപുരയുടെ ചുമതല സുബ്ബരാജിനാണ്. സുബ്ബരാജിന്റെ നേതൃത്വത്തിൽ 48 പേരാണ് ദേഹണ്ണത്തിൽ കൂട്ടാളികളാകുന്നത്. 500 കലോ അരി പാകപ്പെടുത്താൻ പറ്റിയ വലിയവാർപ്പുകൾ അടക്കം മറ്റ് വിഭവങ്ങളൊരുക്കാൻ ആവശ്യമായ എല്ലാതരത്തിലുള്ള പാത്രങ്ങളും സുബ്ബരാജിന്റെ നിയന്ത്രണത്തിലുണ്ട്. പ്രഭാതഭക്ഷണം മുതൽ വൈകിട്ടത്തെ അന്നദാനം വരെയുള്ള ഭക്ഷണങ്ങളാണ് തയ്യാറാക്കുന്നത്. 15,000 പേർക്കാണ് പ്രതിദിനം ഭക്ഷണങ്ങൾ തയ്യാറാക്കുന്നത്. 1500 കലോ അരിയാണ് ഒരോ ദിവസവും ആവശ്യം. സാമ്പാർ, രസം, അവിയൽ, ഓലൻ, അച്ചാർ, പപ്പടം, പായസം, തൈര് എന്നിവയാണ് വിഭവങ്ങൾ. ഭക്ഷണത്തിനായി എത്തുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഞൊടിയിടയിൽ വിഭവങ്ങൾ ഒരുക്കുവാനുള്ള സംവിധാനവും സുബ്ബരാജിന്റെ കലവറയിലുണ്ട്. രാവിലെ 7 ന് പ്രഭതഭക്ഷണം, 11 ന് ലഘുഭക്ഷണം, തുടർന്ന് അന്നദാനം, വൈകിട്ട് 3.30 ന് ചായയും ചെറുകടിയും, രാത്രിയിൽ അന്നദാനം. ഭക്ഷണങ്ങൾ വിളമ്പുന്നതിന് വിപുലമായ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.