ഏറ്റുമാനൂർ : ശബരിമല ദർശനത്തിന് ശേഷം തിരികെ വരുംവഴി ഏറ്റുമാനൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അയ്യപ്പഭക്തൻ മുങ്ങി മരിച്ചു. തിരുവനന്തപുരം വെമ്പായം കുഞ്ചിറ കടുവാക്കുഴി ചെവിട്ടിക്കുഴിയിൽ ബാലകൃഷ്ണന്റെയും ഇന്ദിരയുടെയും മകൻ ദിലീപ്കുമാർ (37) ആണ് മരിച്ചത്. ദിലീപ് അടക്കമുള്ള 46 അംഗ സംഘം തിങ്കളാഴ്ചയാണ് ശബരിമല ദർശനത്തിനായി പുറപ്പെട്ടത്. ഇതിൽ ദിലീപ് അടക്കമുള്ള 24 അംഗ സംഘം ശബരിമലയിൽ നിന്നും എരുമേലി വഴി ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ ഏറ്റുമാനൂരിൽ എത്തി. ദിലീപിന്റെ മാതാവ് അടക്കമുള്ള 22 അംഗ സംഘം ശബരിമല ദർശനത്തിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. ഇന്നലെ നിർമ്മാല്യ ദർശനത്തിന് മുൻപ് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ദിലീപിനെ കാണാതാകുകയായിരുന്നു. കോട്ടയത്ത് നിന്നെത്തിയ അഗ്നിശമനസേന 7.15 മണിയോടെ മൃതദേഹം കണ്ടെടുത്തു. പെയിന്റിംഗ് തൊഴിലാളിയാണ് മരിച്ച ദിലീപ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ : സന്ധ്യ. ഏകമകൾ: കാർത്തിക (8).