arattu-vikkam-jpg

വൈക്കം:ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആചാരത്തനിമയോടെ ഉദയനാപുരം ക്ഷേത്രത്തിലെ കാർത്തിക ഉൽസവത്തിന്റെ സമാപനം കുറിക്കുന്ന ആറാട്ട് നടന്നു. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി ,കിഴക്കിനേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി, മേക്കട്ട് ചെറിയ നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന വിശേഷാൽ പൂജകകൾക്ക് ശേഷമാണ് ആറാട്ടിന് എഴുന്നള്ളിച്ചത്. മേൽശാന്തി ആഴാട് നാരായണൻ നമ്പൂതിരി,പാറൊളി പുരുഷോത്തമൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. ഗജവീരൻ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. മൂല വിഗ്രഹമാണ് ആറാട്ട് ചടങ്ങിനായി ഉപയോഗിക്കുന്നത്.
വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. ഉദയനാപുരത്തപ്പന്റെ ആറാട്ടെഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം കയറി നിന്ന മൂഹൂർത്തത്തിൽ, വൈക്കത്തപ്പൻ ആർഭാടപൂർവം എഴുന്നള്ളി ഉദയനാപുരത്തനെ സ്വീകരിച്ച് ആറാട്ടിനായി ആനയിച്ചു. ഗജവീരൻ പാറമേക്കാവ് ശ്രീപത്മനാഭൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. ആചാര പെരുമയോടെ അവകാശിയായ കിഴക്കേടത്ത് വാസുദേവൻ മൂസത്, ശങ്കരൻ മൂസത് എന്നിവർ അരിയും പൂവും തൂകിയാണ് ഉദയനാപുരപ്പനെ വരവേറ്റത്. വൈക്കത്തപ്പൻ, തന്റെ സന്നിധാനത്ത് എത്തിയ പുത്രനായി തളക്കല്ല് ഒഴിഞ്ഞു കൊടുക്കുന്നതും ആറാട്ട് ചടങ്ങിലെ പ്രത്യേകതയാണ്. താന്ത്രിക വിധിപ്രകാരമാണ് ആറാട്ട് നടക്കുന്നത്. ആറാട്ടിന് ശേഷം വൈക്കം ക്ഷേത്രത്തിൽ കൂടിപ്പൂജയും വിളക്കും നടന്നു.