കോട്ടയം: നഗരസഭ ഉപാദ്ധ്യക്ഷയായി യു.ഡി.എഫിലെ സൂസൻ കുഞ്ഞുമോൻ തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ മുൻ ധാരണ അനുസരിച്ച് കോൺഗ്രസിലെ ബിന്ദു സന്തോഷ്‌കുമാർ രാജി വച്ചതിനെ തുടർന്നാണ് നഗരസഭ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്കു തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇനിയുള്ള ഒരു വർഷം സൂസൻ കുഞ്ഞുമോനാകും നഗരസഭ ഉപാദ്ധ്യക്ഷ. ഇന്നലെ രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ നഗരസഭയിലെ 52 അംഗങ്ങളിൽ 50 പേരും പങ്കെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി സൂസൻ കുഞ്ഞുമോനും, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജയശ്രീ ബിനുവും, ബി.ജെ.പി സ്ഥാനാർത്ഥിയായി ജ്യോതി ശ്രീകാന്തുമാണ് മത്സരിച്ചത്. സൂസൻ കുഞ്ഞുമോന് 31 വോട്ട് ലഭിച്ചു. ജയശ്രീ ബിനുവിന് പതിനഞ്ചും, ജ്യോതി ശ്രീകാന്തിന് നാലും വോട്ട് ലഭിച്ചു. ബി.ഡി.ജെ.എസ് പ്രതിനിധി റിജേഷ് സി.ബ്രീസ്‌വില്ല വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി.രാജീവായിരുന്നു വരണാധികാരി. വോട്ടെടുപ്പിൽ വിജയിച്ച സൂസൻ കുഞ്ഞുമോനെ ഷോൾ അണിയിച്ച് കോൺഗ്രസ് യു.ഡി.എഫ് അംഗങ്ങൾ ചേർന്ന് ആദരിച്ചു. തുടർന്ന് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന സത്യവാചകം ചൊല്ലിക്കൊടുത്തു.