കോട്ടയം: ഗാർഹിക പീഡനക്കേസുകൾ ജില്ലയിൽ മൂന്ന് വർഷത്തിനിടെ പകുതിയോളം കുറഞ്ഞപ്പോൾ സ്ത്രീകൾ പ്രതികളായ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ വർദ്ധന. വട്ടിപ്പലിശ, ക്വട്ടേഷൻ, വസ്തുതർക്കം എന്നിവയിൽ സ്ത്രീകൾ വില്ലത്തിമാരായ കേസുകളുടെ എണ്ണം കൂടുകയാണെന്ന് ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ജില്ലയിൽ 2017ൽ രജിസ്റ്റർ ചെയ്ത കേസുകളേക്കാൾ വലിയ കുറവാണ് 2019ൽ ഇതുവരെയുണ്ടായത്. എന്നാൽ, സ്ത്രീകൾ ഉൾപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും ചെയ്തു. കുറുക്കുവഴിയിലൂടെ സമ്പന്നരാകാൻ ശ്രമിക്കുന്നതാണ് എല്ലാ കേസുകളുടെയും പശ്ചാത്തലം. പലിശയ്ക്ക് പണം നൽകി പീഡിപ്പിക്കൽ, തൊഴിൽത്തട്ടിപ്പ്, വസ്തുതർക്കം, ഭീഷണിപ്പെടുത്തിയുള്ള പണം തട്ടൽ, വ്യാജ മുക്തിയാർ ചമച്ച് സ്വത്ത്തട്ടിപ്പ് എന്നിവയെല്ലാം ജില്ലയിൽ സ്ത്രീകൾ പ്രതികളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഡംബര ജീവിതം നയിച്ചതിലൂടെയുണ്ടായ ബാദ്ധ്യത പണം തട്ടിപ്പിലൂടെ കണ്ടെത്തുന്നുവെന്നതാണ് പൊതു സ്വഭാവം. പുരുഷൻമാർക്കൊപ്പം തട്ടിപ്പ് ആസൂത്രണം ചെയ്ത സംഭവവുമുണ്ട്.

ഗാർഹിക പീഡനക്കേസ് 17

ഈ വർഷം ഇതുവരെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് 17 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2018ൽ ഇത് 23ഉം 2017ൽ ഇത് 30ഉം ആയിരുന്നു.

സാമ്പത്തിക കുറ്റകൃത്യം

2018-51

2019-59

സ്ത്രീയിലെ കുറ്റവാളി ഉണർന്നു

'' ഗാർഹിക പീഡനക്കേസുകൾ കുറഞ്ഞത് സർക്കാർ ഇടപെടലിനൊപ്പം വീട്ടമ്മമാർ കൂടുതൽ സാശ്രയത്വം നേടിയതുകൊണ്ടുകൂടിയാണ്. സ്ത്രീകൾ പ്രതികളായ സാമ്പത്തിക ക്രമക്കേട് ഉയരാൻ കാരണവും സ്ത്രീകൾക്ക് പൊതു ഇടങ്ങൾ സ്വന്തമായതാണ്. പുരുഷൻമാരെപ്പോലെ പുറംജീവിതം സ്ത്രീകൾക്കും സാദ്ധ്യമായപ്പോൾ അവരിലെ കുറ്റവാളി ഉണർന്നു.''

ഡോ.ജെ.പ്രമീളാ ദേവി,​ മുൻ വനിതാ കമ്മിഷൻ അംഗം

ഗാർഹിക പീഡനക്കേസ് വൻതോതിൽ കുറഞ്ഞു

സ്ത്രീകൾ പ്രതികളായ സാമ്പത്തിക കേസുകൾ കൂടി

ആഡംബരജീവിതത്തിന് പണം കണ്ടെത്താൻ തട്ടിപ്പ്