കോട്ടയം: കേരളകോൺഗ്രസ് (എം) ഗ്രൂപ്പ് പോരിന്റെ തുടർച്ചയായി നാളെ തൊടുപുഴയിൽ ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ചതു പൊളിക്കാൻ കോട്ടയത്ത് ജോസ് വിഭാഗം ബദൽ സംസ്ഥാന കമ്മിറ്റിയും അതെ സമയം വിളിച്ചു.
കെ.എം.മാണിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന ചെയർമാൻ സ്ഥാനത്തേക്ക് ഡപ്യൂട്ടി ലീഡറായ സി.എഫ്.തോമസിനെ നിയമിക്കുന്നതിന്റെ ഭാഗമായി റിട്ടേണിംഗ് ഓഫീസറെ ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി നാളെ തിരഞ്ഞെടുക്കും. പത്തുദിവസത്തെ നോട്ടീസ് നൽകിയ ശേഷം സംസ്ഥാന കമ്മിറ്റി വിളിച്ചു ചെയർമാനെ തിരഞ്ഞെടുക്കും.
ജോസ് കെ മാണിക്ക് ബദലായി സി.എഫ് .തോമസ് ചെയർമാനാകുന്നതോടെ കേരളകോൺഗ്രസ് (എം)ൽ രണ്ട് ചെയർമാൻമാരുണ്ടാകും.
17ന് നടക്കുന്ന അകലക്കുന്നം പഞ്ചായത്ത് ഉപതരഞ്ഞെടുപ്പിൽ ജോസും ജോസഫും യു.ഡി.എഫ് ലേബലിൽ മത്സരിക്കുകയാണ് .രണ്ടില ചിഹ്നം ജോസഫ് സ്ഥാനാർത്ഥിക്കാണ് ലഭിച്ചത്.
രണ്ടില ചിഹ്നം കിട്ടിയ ജോസഫിന്റെ സ്ഥാനാർത്ഥിക്കെതിരെയുള്ള പ്രചാരണമാണ് ജോസ് വിഭാഗം നടത്തുന്നത് . കേരളകോൺഗ്രസിലെ ഭിന്നത മുതലെടുക്കാനുള്ള ശ്രമാണ് ഇടതു മുന്നണി നടത്തുന്നത്. കേരളാകോൺഗ്രസിന് വേണ്ടി തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചതിന്റെ ചൊരുക്കിലാണ് കോൺഗ്രസ് പ്രവർത്തകർ.
ഇലക്ഷൻ കമ്മിഷൻ ചിഹ്നംഅനുവദിച്ച ഞങ്ങളുടേതാണ് നാളെ തൊടുപുഴയിൽ നടക്കുന്ന യഥാർത്ഥ കേരളകോൺഗ്രസ് സംസ്ഥാന കമ്മിറ്റി.
ജോയ് എബ്രഹാം
( ജോസഫ് വിഭാഗം ജനറൽ സെക്രട്ടറി )
രണ്ടില ചിഹ്നം അനുവദിച്ചത് താത്ക്കാലികം. കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.
സ്റ്റീഫൻ ജോർജ്
(ജോസ് വിഭാഗം ജനറൽ സെക്രട്ടറി)