കറുകച്ചാൽ: കറുകച്ചാൽ-പച്ചിലമാക്കൽ-കുറ്റിക്കൽ-മാമ്പതി-ശാന്തിപുരം റോഡ്, എഴിങ്കാല-തൃക്കോയിക്കൽ-വെങ്കോട്ട റോഡ്...ഈ റോഡുകളിലൂടെയുള്ള യാത്ര നാട്ടുകാരുടെ 'നടുവൊടിക്കാൻ" തുടങ്ങിയിട്ട് നാളുകളേറെയായി. ബസ് സർവീസുള്ള പച്ചിലമാക്കൽ റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. കുറ്റിക്കൽ റോഡിലാകട്ടെ ആകെ കുണ്ടും കുഴിയും മാത്രം. ആകെ മൊത്തത്തിൽ നാട്ടുകാരുടെ യാത്രയിൽ ദുരിതം മാത്രം! ഇടതടവില്ലാതെ രൂപപ്പെട്ടിരിക്കുന്ന കുഴികളിലൂടെയുള്ള സഞ്ചാരം മൂലം വാഹനങ്ങൾക്ക് പതിവായി കേടുപാടുകൾ സംഭവിക്കുന്നതാണ് യാത്രക്കാരുടെ പ്രധാന പരിഭവം. മഴയൊന്ന് കനത്താൽ ഈ കുഴികളിലെല്ലാം വെള്ളം നിറയുന്നതാണ് യാത്രയിൽ നേരിടുന്ന മറ്റൊരു വെല്ലുവിളി. പിന്നെ റോഡ് തോടിന് സമാനമാകും. കുറ്റിക്കലിനും മാമ്പതിക്കുമിടയിലായി ചെറുതും വലുതുമായ കുഴികളുടെ 'ഘോഷയാത്ര"യാണ്. എഴിങ്കാലാ റോഡിൽ തൃക്കോയിക്കൽ, മിൽമ സൊസൈറ്റി, ലക്ഷം കോളനി എന്നിവിടങ്ങളിലും സ്ഥിതി സമാനം. തൃക്കോയിക്കൽ ഭാഗത്ത് ചില അറ്റകുറ്റപ്പണികൾ നടന്നെങ്കിലും മഴക്കാലത്ത് വീണ്ടും കുഴികൾ രൂപപ്പെട്ടു. എത്രയും വേഗം അറ്റക്കുറ്റപ്പണി നടത്തി നല്ല റോഡിലൂടെയുള്ള യാത്രയാണ് ഇപ്പോൾ നാട്ടുകാരുടെ സ്വപ്നം.