കോട്ടയം: നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സ്പെഷ്യൽ ഓഫീസറായി കണ്ണൂർ വിമാനത്താവളം മാനേജിംഗ് ഡയറക്ടർ വി.തളസീദാസിനെ സർക്കാർ നിയമിച്ചു. ഇടയ്ക്കു തളർന്ന വിമാനത്താവളത്തിന് വീണ്ടും ചിറക് മുളച്ചു. കൺസൾട്ടന്റുമായി സഹകരിച്ച് പരിസ്ഥിതിക അനുമതി, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെ അനുമതി എന്നിവ നേടിയെടുക്കലാണ് സ്പെഷ്യൽ ഓഫീസറുടെ ചുമതല.
ആറൻമുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതോടെയാണ് ചെറുവള്ളിയിലുള്ള ഹാരിസൺ പ്ലാന്റേഷന്റെ എസ്റ്റേറ്റിൽ വിമാനത്താവളം നിർമിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അദ്ധ്യക്ഷനായ സമിതിയുടെ തീരുമാനം അംഗീകരിച്ചത്.
വിമാനത്താവള പദ്ധതിക്കുള്ള സാദ്ധ്യതാ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതോടെ പദ്ധതിയുടെ വിശാലമായ രൂപരേഖ തയ്യാറാക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സർക്കാർ ചുമതലപ്പെടുത്തിയ യു.എസ് കമ്പനിയായ ലൂയി ബർഗ് കൺസൾട്ടൻസി പ്രാരംഭ റിപ്പോർട്ടു നൽകിക്കഴിഞ്ഞു .എയർപോർട്ട് അതോറിറ്റി, സിവിൽ ഏവിയേഷൻ എന്നീ വിഭാഗങ്ങളുടെ ശുപാർശയോടെയാണ് അന്തിമ രൂപരേഖ തയ്യാറാക്കിയത്.
ചെറുവള്ളി എസ്റ്റേറ്റ് 2800 ഏക്കർ സ്ഥലമുണ്ട്. വലിയ വിമാനങ്ങൾ ഇറങ്ങാൻ കഴിയുംവിധം അന്താരാഷ്ട നിലവാരമുള്ള വിമാനത്താവളത്തിന് 1000 ഏക്കർ സ്ഥലം മതി .സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രീം കോടതിയിലാണെങ്കിലും പ്രശ്നമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഉയർന്ന പ്രദേശമായതിനാൽ നെടുമ്പാശേരിയിലെപ്പോലെ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാവില്ല. വിമാനത്താവളത്തിനായി ആറ് സ്ഥലങ്ങൾ പരിശോധിച്ചതിൽ ഏറ്റവും ലാഭകരവും പരിസ്ഥിതി സൗഹൃദവുമാണ് ചെറുവള്ളി എസ്റ്റേറ്റ് . റബർമരങ്ങൾ മാത്രം മുറിച്ച് മാറ്റിയാൽ മതി. മണ്ണെടുപ്പ് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കില്ല. കോട്ടയം, പത്തനംതിട്ട ജില്ലകളോട് അടുത്തായതിനാൽ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലേയ്ക്കും യാത്ര എളുപ്പം.
വേണ്ടത് 1000 ഏക്കർ
ഉള്ളത് 2800 ഏക്കർ
ചെറുവള്ളിയുടെ മേൻമകൾ
2.263 ഏക്കർ വിസ്തൃതിയിലുള്ള സ്ഥലം
ഉയർന്ന പ്രദേശം, വെള്ളപ്പൊക്ക ഭീഷണിയില്ല.
2 ദേശീയ പാതകളും 5 സംസ്ഥാന പാതകളും
ശബരിമലയിലേക്ക് 48 കിലോമീറ്റർ ദൂരം
'' വിമാനത്താവളം എരുമേലിയിൽ വരരുതെന്നാഗ്രഹിക്കുന്നവരാണ് ഇപ്പോഴും പ്രശ്നങ്ങളുണ്ടാക്കാൻ നോക്കുന്നത്. ഉടമസ്ഥാവകാശ തർക്കം ബിലീവേഴ്സ് ചർച്ച് അധികൃതരുമായി ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. കാലാവധി തീരും മുമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റിൽ കല്ലിടാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമെന്നാണ് പ്രതീക്ഷ ''
പി.സി. ജോർജ്. എം. എൽ. എ