കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ എത്തിയ ഭക്തയുടെ പഴ്സും മൊബൈൽ ഫോണും മോഷ്‌ടിച്ച കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര മുല്ലക്കുളം മാങ്കൂട്ടത്തിൽ അനിൽകുമാറിനെയാണ് (45) വെസ്റ്റ് എസ്.ഐ രമേശൻ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ രണ്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ബാഗ് ക്ഷേത്രത്തിന് മുന്നിൽ വച്ച് വീട്ടമ്മ ദർശനത്തിന് അകത്തേക്ക് കയറിയ തക്കത്തിന് ഇയാൾ ബാഗുമായി കടക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. ഇന്നലെ ക്ഷേത്രത്തിലെത്തിയ അനിൽകുമാറിനെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എയ്‌ഡ് പോസ്റ്റിൽ ജോലി ചെയ്‌തിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു എ.സണ്ണി തിരിച്ചറിയുകയും തുടർന്ന് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. ക്ഷേത്രങ്ങളിൽ കയറിയിറങ്ങി മോഷണം നടത്തുകയാണ് ഇയാളുടെ രീതിയെന്നും തിരുവനന്തപുരത്തും, നെയ്യാറ്റിൻകരയിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.