കോട്ടയം: പോക്‌സോ നിയമത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിലൂടെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഗണ്യമായി കുറയ്ക്കാനാകുമെന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന ഏകദിന സെമിനാർ വിലയിരുത്തി. മുൻകാലങ്ങളിൽ അതിക്രമങ്ങൾക്ക് ഇരയായിരുന്ന കുട്ടികളുടെ രക്ഷിതാക്കൾ പൊതുവേ പരാതി നൽകുന്നതിന് വിമുഖരായിരുന്നു. ഇപ്പോൾ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന കേസുകൾ സംസ്ഥാനത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാണ്. നിയമത്തെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കു നൽകിയാൽ കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാകും.
രക്ഷിതാക്കൾ കുറ്റകൃത്യങ്ങൾ പുറത്തു പറയാൻ മടിക്കുന്നതും പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതും ഒഴിവാക്കണം. വ്യാജപരാതികൾ തിരിച്ചറിയാൻ അധികാരികൾക്കു കഴിയണമെന്നും സെമിനാർ ചൂണ്ടിക്കാട്ടി.
ജനറൽ ആശുപത്രിയും സ്‌കൂൾ ഒഫ് മെഡിക്കൽ എജ്യൂക്കേഷനിലെ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ വിദ്യാർത്ഥികളും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സഖറിയാസ് കുതിരവേലിൽ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലിസമ്മ ബേബി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, എസ്.എം.ഇ ജോയിന്റ് ഡയറക്ടർ ഡോ. ടി.പി ജയചന്ദ്രൻ, പ്രിൻസിപ്പൽ ഡോ. ജെ. ജുഗൻ, അഡ്വ. ജയശങ്കർ, കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. കെ.എസ് മുരാരി, മെഡിക്കൽ സൂപ്രണ്ട് ഡോ. ബിന്ദു കുമാരി എന്നിവർ സംസാരിച്ചു. അഡ്വ. രാജി പി. ജോയി, അഡ്വ.സിന്ധു ഗോപാലകൃഷ്ണൻ എന്നിവർ വിഷയം അവതരിപ്പിച്ചു.