ഈരാറ്റുപേട്ട : വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡിൽ ഈരാറ്റുപേട്ടയിൽ നിന്ന് 15 കിലോമീറ്റർ ദൂരെയുള്ള കാരികാട് ടോപ്പിൽ 40 ലക്ഷം രൂപ മുടക്കി പണിയാരംഭിച്ച വാച്ച് ടവർ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് മൂന്ന് വർഷം. പി.സി.ജോർജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം തുടങ്ങിയത്. പാംപ്ലാനി കൺസ്ട്രഷനായിരുന്നു നിർമ്മാണ ചുമതല. തീക്കോയി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വെയ്റ്റിംഗ് ഷെഡ് പൊളിച്ച് മാറ്റിയാണ് വാച്ച് ടവർ നിർമ്മാണം ആരംഭിച്ചത്. ഗ്രൗണ്ട് ഫ്ലോറിൽ വെയ്റ്റിംഗ് ഷെഡും വിശ്രമകേന്ദ്രവും ബാക്കിയുള്ള ഭാഗം കച്ചവടാവശ്യത്തിനും ഉപയോഗിക്കാനായിരുന്നു തീരുമാനം. നിർമ്മാണം പൂർത്തിയാകുന്നതോടെ തീക്കോയി പഞ്ചായത്തിന് കൈമാറുമെന്നാണ് കരാർ. വിദേശികളും സ്വദേശികളും ഉൾപ്പടെ ഇവിടേക്ക് എത്തുന്ന സന്ദർശകരുടെ ആദ്യ വിശ്രമസ്ഥലമാണ് കാരിയാട് ടോപ്പ്.
സെൽഫിക്കാർ ജാഗ്രതൈ!
ഏറെ ഉയരം കൂടിയ പ്രദേശത്തെ കെട്ടിടമായതിനാൽ സെൽഫി എടുക്കാൻ കെട്ടിടത്തിന്റെ മുകളിൽ കയറുന്നത് വിനോദ സഞ്ചാരികൾ പതിവാക്കിയിരിക്കുകയാണ്. പിൻഭാഗത്ത് വൻ കൊക്കയാണ്. സുരക്ഷാസംവിധാനമില്ലാത്തതിനാൽ അപകട സാധ്യതയേറെയാണ്. ബാക്കി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്ന കാര്യത്തിൽ പഞ്ചായത്തും കരാറുകാരനും ഇപ്പോൾ മൗനത്തിലാണ്.
അനുവദിച്ചത് : 40 ലക്ഷം
നിർമ്മാണം നിലച്ചിട്ട് : 3 വർഷം