ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിൽ അറ്റകുറ്റപ്പണികൾക്കിടെ മഴപെയ്ത് നാശം. മുൻകരുതൽ സ്വീകരിക്കാതെ മേൽക്കൂര പൊളിച്ചതാണ് വിനയായത്. മരുന്നുകളും വിവിധ സാമഗ്രികളും ഫർണിച്ചറുകളും അടക്കം മഴവെള്ളം വീണ് കുതിർന്നു. ഒപി വിഭാഗം, ഫാർമസി, ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി എന്നിവയുടെ മേൽക്കൂരകളാണ് അറ്റകുറ്റപ്പണികൾക്കായി പൊളിച്ചത്. പടുതകൊണ്ട് മൂടാതെയാണ് പണികൾ അവസാനിപ്പിച്ചത്. വൈകുന്നേരം അഞ്ചരയോടെ ശക്തമായ മഴയാണ്‌ മേഖലയിൽ പെയ്തത്.

ഏഴോടെയാണ് പടുത എത്തിച്ച് മൂടാനുള്ള ശ്രമങ്ങൾ നടത്തിയത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും സഹായിച്ചു. മുറികളിൽ പി.വി.സി സീലിംഗ് നടത്തിയിരുന്നത് മഴവെള്ളം കെട്ടിനിന്നശേഷം മുറികളിലേയ്ക്ക് തകർന്നുവീണു. മുറികൾ ചെളിനിറഞ്ഞ അവസ്ഥയിലുമാണ്. ഓപ്പൺ ഷെൽഫുകളിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ നനഞ്ഞുകുതിർന്നു. മുറികളിലെ 2 എയർകണ്ടീഷനുകളിലും മഴവെള്ളം വീണിട്ടുണ്ട്. ഭിന്നശേഷിക്കാർക്കുള്ള വീൽച്ചെയറുകളും മറ്റ് ഉപകരണങ്ങളും മഴയിൽ കുതർന്നു. വയറിംഗ്, ഇലക്ട്രിക് ഉപകരണങ്ങളിലും വെള്ളംകയറി. ഫാർമസിയും ഒ.പി റൂമും നനഞ്ഞതോടെ ദിവസേന ഇരുനൂറിലധികം രോഗികളെത്തുന്ന ഒ.പിയിൽ മരുന്നു നൽകാനാവാത്ത സാഹചര്യമാണ്. ഇന്നലെ രാവിലെയാണ് മറ്റ് കെട്ടിടങ്ങളിലേയ്ക്ക് മരുന്നുകൾ മാറ്റിയത്. നനഞ്ഞ മരുന്നുപായ്ക്കറ്റുകൾ മുറികളിൽ ഫാൻ ഇട്ടശേഷം ഉണക്കാൻ വച്ചിരിക്കുകയാണ്. കരാറുകാരന്റെയും മെഡിക്കൽ ഓഫീസറുടെയും അനാസ്ഥയാണ് നാശനഷ്ടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.