അടിമാലി: അടിമാലി ടൗണിൽ ഗതാഗത പരിക്ഷക്കരണം നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നത് പ്രതിഷേധത്തിനിടയാക്കുന്നു.അടിമാലി ടൗണിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട ഗതാഗത പരിക്ഷക്കരണം സംബന്ധിച്ച് പഞ്ചായത്ത് മെല്ലപ്പോക്ക് നടത്തുന്നതായാണ് പരാതി ഉയരുന്നത്.ഏതാനും ദിവസങ്ങൾക്ക് മുമ്പ് ട്രാഫിക് അഡൈ്വസറി കമ്മറ്റി ചേരുകയും ടൗണിലെ തിരക്കൊഴിവാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് വിവിധ നിർദ്ദേശങ്ങൾ ഉയർന്നു വരികയും ചെയ്തിരുന്നു.എന്നാൽ പിന്നീട് ഇക്കാര്യത്തിൽ കാര്യമായി മുന്നോട്ട് പോയില്ല.ക്രിസ്തുമസും പുതുവത്സരവും അടുത്തെത്തിയതോടെ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്താൻ നടപടി വേണമെന്ന് വിവിധ കോണുകളിൽ നിന്നാവശ്യമുയരുന്നു.ഉയർന്നു വന്ന നിർദ്ദേശങ്ങളിൽ ഉടൻ തന്നെ അന്തിമ തീരുമാനമാകുമെന്നും ഗതാഗതകുരുക്കിന് പരിഹാരം കാണുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി വർഗ്ഗീസ് പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ ടൗണിൽ തോന്നുംപടിയാണ് വാഹനപാർക്കിംഗ് നടക്കുന്നത്.ബസ് സ്റ്റാൻഡിലേക്കിറങ്ങുന്ന വൺവേ റോഡ്, കല്ലാർകുട്ടി റോഡ്,പോലീസ് സ്റ്റേഷൻ ജംഗ്ഷൻ,ലൈബ്രറി റോഡ് തുടങ്ങിയ ഇടങ്ങളിലാണ് ഗതാഗതകുരുക്ക് രൂക്ഷമായിട്ടുള്ളത്.സ്വകാര്യ ബസുകൾ ഇഷ്ടംപോലെ വാഹനം നിർത്തി ആളുകളെ കയറ്റുന്നത് രാവിലെയും വൈകിട്ടും തിരക്ക് ഇരട്ടിയാക്കുന്നു.ടൗണിലെ സീബ്രാലൈനുകൾ മാഞ്ഞത് കാൽനടയാത്രികർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
.അടിമാലി താലൂക്ക് ആശുപത്രിയ്ക്ക് സമീപം കല്ലാർകുട്ടി റോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ