അടിമാലി: അടിമാലിയിൽ പ്രവർത്തിച്ച് വരുന്ന റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ദേവികുളത്തേക്ക് മാറ്റുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി സൂചന.ഇത് സംബന്ധിച്ച് ദേവികുളം സബ് കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതായും വിവരമുണ്ട്.നിലവിൽ അടിമാലി ടൗണിൽ പൊലീസ് സ്റ്റേഷനെതിർവശത്തായാണ് ആർ ടി ഓഫീസ് പ്രവർത്തിച്ച് വരുന്നത്.വലിയ തുക ഓഫീസിന്റെ നടത്തിപ്പിനായി വാടകയിനത്തിൽ നൽകേണ്ടി വരുന്നെന്നും ദേവികുളം താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നിലകളിലൊന്ന് ആർ ടി ഓഫീസിന്റെ പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്താമെന്നുമാണ് വാദം.ദേവികുളത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചിട്ടുള്ള സർക്കാർ കെട്ടിടം വെറുതെ കിടക്കുമ്പോൾ എന്തിന് വാടകയിനത്തിൽ വലിയ തുക നഷ്ടം വരുത്തുന്നുവെന്ന ചോദ്യം റിപ്പോർട്ടിൽ മുമ്പോട്ട് വയ്ക്കുന്നു.
അതേ സമയം ട്രാൻസ്‌പോർട്ട് ഓഫീസ് മാറ്റാനുള്ള നീക്കത്തിനെതിരെ അടിമാലി മേഖലയിൽ പ്രതിഷേധം രൂപപ്പെട്ടു കഴിഞ്ഞു.അടിമാലി മേഖലയിൽ പ്രവർത്തിച്ചു വരുന്ന വിവിധ സർക്കാർ ഓഫീസുകൾ മൂന്നാറിലേക്കും ദേവികുളത്തേക്കും മാറ്റാൻ ഏറെ നാളുകളായി ബോധപൂർവ്വമുള്ള ശ്രമം നടക്കുന്നതായുള്ള ആരോപണം ഉയർന്നു കഴിഞ്ഞു.പടിപടിയായി സർക്കാരോഫീസുകൾ മാറ്റപ്പെട്ടാൽ അടിമാലിയുടെ വികസനത്തേയും അത് പ്രതികൂലമായി ബാധിക്കും.അടിമാലിയിൽ പണികഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സിവിൽസ്റ്റേഷൻ നിർമ്മാണത്തിന് നടപടി സ്വീകരിക്കണമെന്നും ബലക്ഷയമുണ്ടെന്ന കാരണത്താൽ അനാഥമായി കിടക്കുന്ന പഴയ പഞ്ചായത്ത് കെട്ടിടം ബലപ്പെടുത്തി സർക്കാർ ഓഫീസുകൾക്ക് കുറഞ്ഞവാടകയിൽ തുറന്നു നൽകാൻ നടപടി വേണമെന്നുള്ള ആവശ്യവും പൊതുജനം മുമ്പോട്ട് വയ്ക്കുന്നുണ്ട്.