പാലാ : എം.എൽ.എ ഫണ്ട് വിതരണം എം.എൽ.എമാരുടെ വിവേചനാധികാരത്തിൽപ്പെടുന്ന കാര്യമാണെന്ന് മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. ഓരോ സാമ്പത്തിക വർഷവും എം.എൽ. എ യ്ക്ക് ലഭിക്കുന്ന ആസ്തി വികസന ഫണ്ട് അഞ്ചു കോടി രൂപയാണ്. പാലായിലെ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിന് മാത്രമായി മുൻ എം.എൽ.എ കെ.എം.മാണി നാലരക്കോടി രൂപ അനുവദിച്ചുവെന്നും 50 ലക്ഷം രൂപ ടോയ്‌ലെറ്റ് അടക്കമുള്ള കാര്യങ്ങൾക്കു അനുവദിച്ചു എന്നത് അടിസ്ഥാനരഹിതമാണ്. പുതിയ എം.എൽ.എ വന്നപ്പോൾ ആ ഫണ്ട് വിനിയോഗിക്കേണ്ടത് പുതിയ എം.എൽ.എയാണ്. ഒന്നരക്കോടി രൂപയായിരുന്നു സ്റ്റേഡിയത്തിന് അനുവദിച്ചിരുന്നത്. ആ തുക അപര്യാപ്തമായതിനാൽ സ്റ്റേഡിയത്തിനാവശ്യമായ മുഴുവൻ തുകയായ 5 കോടി രൂപ ബഡ്ജറ്റിലൂടെ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ജലക്ഷാമം രൂക്ഷമാണ്. ഇതിന് പരിഹാരം കാണേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ കുടിവെള്ളം, റോഡ് തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻഗണന നൽകി ഫണ്ട് അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.