അടിമാലി: അങ്കണവാടിയിൽ മകനെ വിട്ടശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണ മാല പൊട്ടിച്ചെടുക്കാൻ ബൈക്കിൽ എത്തിയ രണ്ടംഗ സംഘത്തിന്റെ ശ്രമം. ട്രക്കിംഗ് ജീപ്പ് വരുന്നത്കണ്ട മോഷണ സംഘം ശ്രമം ഉപേക്ഷിച്ച് കടന്ന്കളഞ്ഞു.
കുഞ്ചിത്തണ്ണിയിലെ മൊബൈൽ വ്യാപാരിയായ മെറിലാന്റ് ചിറ്റടിച്ചാലിൽ അരുണിന്റെ ഭാര്യ ദിവ്യയുടെ നാല് പവൻ വരുന്ന മലയാണ് പിടിച്ചുപറിക്കാൻ സംഘം ശ്രമിച്ചത്.ഇന്നലെ രാവിലെ ഒൻപതിനോടെയാണ് സംഭവം. മൂന്നര വയസ്സുള്ള മകനെ അങ്കണവാടിയിൽ വിട്ട് തിരികെ വരുമ്പോൾ ബൈക്കിൽ കാത്തു നിൽക്കുകയായിരുന്ന സംഘം കഴുത്തിൽ കിടന്നിരുന്ന മാല പിടിച്ച് പറിക്കാൻ ശ്രമിച്ചു. .
ദിവ്യ കുതറിമാറാൻ ശ്രമിച്ചപ്പോൾ തലയിൽ അടിക്കുകയും കഴുത്തിന് കുത്തി പിടിച്ച് മാലപറിക്കാൻ ശ്രമിച്ചു. മറ്റൊരാൾ വെട്ടുകത്തി എടുത്ത് ആക്രമിക്കാൻ തുടങ്ങുമ്പോഴാണ് അതു വഴി ടൂറിസ്റ്റുകളുമായി ജീപ്പ് എത്തിയത്. ഇതൊടെ സംഘം കടന്ന്കളയുകയായിരുന്നു.. വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചു.