പാലാ : പുലിയന്നൂർ ജംഗ്ഷനിലെ ഹൈവേയുടെയും പാരലൽ റോഡിന്റെയും അശാസ്ത്രീയ സംഗമം അപകടക്കെണിയാകുന്നു. പാലാ പൂഞ്ഞാർ ഹൈവേയും, പാലാ പാരലൽ റോഡും കൂടിച്ചേരുന്ന ഭാഗമാണ് പുലിയന്നൂർ കാണിക്കമണ്ഡപം ജംഗ്ഷൻ. അടുത്തകാലത്തായി ഇവിടെ അപകടങ്ങൾ വർദ്ധിക്കുകയാണ്. ബൈപ്പാസ് പൂർത്തിയായതോടെ പാലാ നഗരം ഒഴിവാക്കി തൊടുപുഴ, ഈരാറ്റുപേട്ട, കുറവിലങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെല്ലാ പാരലൽ റോഡിനെയാണ് ആശ്രയിക്കുന്നത്. അതിനാൽ വാഹനത്തിരക്ക് ഏറെയാണ്. ഹൈവേയിലൂടെ എത്തുന്ന വാഹനങ്ങൾക്ക് ബൈപ്പാസിൽ നിന്ന് ഹൈവേയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെ പെട്ടെന്ന് കാണാൻ കഴിയില്ല. പാരലൽ റോഡിലൂടെ എത്തുന്ന വാഹനങ്ങൾ വേഗത്തിൽ ഹൈവേയിലേക്ക് പ്രവേശിക്കുന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. വീതിയേറിയ ജംഗ്ഷനായതിനാൽ എതിർദിശയിലെ ഹൈവേ, പാരലൽ റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ എങ്ങോട്ട് തിരിയുമെന്ന് ഡ്രൈവർമാർക്ക് മനസിലാക്കാനാകുന്നില്ല.

ഇന്നലെ 3 അപകടങ്ങൾ
ഇന്നലെ മാത്രം മൂന്ന് അപകടങ്ങളാണ് പുലിയന്നൂർ ജംഗ്ഷനിലുണ്ടായത്. പുലർച്ചെ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവ അഭിഭാഷകൻ മരിച്ചു. ഉച്ചയ്ക്ക് 12.30 ഓടെ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് സ്‌കൂട്ടർ റോഡിൽ തെന്നി മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു.
വേഗനിയന്ത്രണ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതുമാണ് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്.