കോട്ടയം: സവാളയില്ലാത്ത മുട്ടഓംലറ്റും സാമ്പാറില്ലാതെ തട്ടുദോശയും ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്ത് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ വേറിട്ട പ്രതിഷേധം.
വിലക്കയറ്റത്തിനും അനധികൃത കച്ചവടത്തിനും എതിരെ
നഗരമധ്യത്തിൽ പോസ്റ്റ് ഓഫിസിനു മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. റോഡരികിൽ അടുപ്പുകൂട്ടി ദോശയും ഓലറ്റും ഉണ്ടാക്കി വഴിയാത്രക്കാർക്ക് വിതരണം ചെയ്തായിരുന്നു പ്രതിഷേധം.
വിലക്കയറ്റത്തിൽ ഹോട്ടൽ മേഖലയ്ക്കു പിടിച്ചു നിൽക്കാനാവാത്ത സാഹചര്യത്തിലാണ് ഇങ്ങനൊരു പ്രതിഷേധമാർഗം സ്വീകരിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നരയോടെ അസോസിയേഷനിലെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രതിഷേധ പ്രകടനം പോസ്റ്റ് ഓഫിസിന് മുന്നിലെത്തി. തുടർന്നായിരുന്നു പ്രതിഷേധ പാചകവും ധർണയും നടന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ പാചകസമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.പ്രതീഷ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ ട്രഷറർ പി.എസ് ശശിധരൻ, സംസ്ഥാന കമ്മിറ്റി അംഗം അൻസാരി പത്തനാട്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആർ.സി നായർ, ജില്ലാ വൈസ് പ്രസിഡന്റ് സി.ടി സുകുമാരൻനായർ , കോട്ടയം യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് മത്തായി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി, മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കെ ഖാദർ , ടിബി റോഡ് മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് പനച്ചിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.