അയർക്കുന്നം : മീനച്ചിലാറിന് കുറുകെ പറേക്കടവ് പാലം എന്ന് യാഥാർത്ഥ്യമാകും? അയർക്കുന്നം, ആറുമാനൂർ, നീറിക്കാട് നിവാസികൾ ഇങ്ങനെ ഒരേസ്വരത്തിൽ ചോദിക്കുമ്പോൾ അധികൃതർക്ക് മിണ്ടാട്ടമില്ല. നാളെ, നാളെ, നീളെ.. നീളെ.. എന്നപോലെ പറേക്കടവ് പാലത്തിന്റെ നിർമ്മാണവും നീളുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശ്രമഫലമായാണ് മീനച്ചിലാറിനു കുറുകെ പാലം നിർമിക്കാൻ നടപടി ആരംഭിച്ചത്. റിവർ മനേജ്‌മെന്റ് പദ്ധതിയിൽപ്പെടുത്തി നാലുകോടി രൂപയാണ് അനുവദിച്ചത്. നാലുമീറ്റർ വീതിയിൽ 77 അടി നീളത്തിലാണ് പാലം നിർമ്മിക്കാൻ ലക്ഷ്യമിട്ടത്. അയർക്കുന്നം പഞ്ചായത്തിലെ പറേക്കടവിൽ നിന്നാരംഭിച്ച് ഏറ്റുമാനൂർ നഗരസഭയിലെ പേരൂർ നന്ത്യാട്ട് കടവിലെത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. അയർക്കുന്നം, ആറുമാനൂർ, നീറിക്കാട് ഭാഗത്തുള്ളവർക്ക് ഏറെ പ്രയോജനപ്പെടേണ്ടതായിരുന്നു പദ്ധതി. നേരത്തെ ഇവിടെ വർഷങ്ങളായി കടത്തുവള്ളമായിരുന്നു ഉണ്ടായിരുന്നത്. നാലുവർഷം മുമ്പ് കടത്തുകാരൻ വിരമിച്ചതോടെ കടത്ത് പൂർണമായി മുടങ്ങി. ഇതോടെ പ്രദേശവാസികൾ രണ്ടുകിലോമീറ്റർ ചുറ്റി പട്ടർമഠം പാലം വഴി വേണം കടന്നുപോകാൻ. പറേക്കടവ് പാലം നിർമ്മാണം പൂർത്തിയായാൽ കോട്ടയം ഭാഗത്തേക്കും ഏറ്റുമാനൂർ മെഡിക്കൽ കോളജ് ഭാഗത്തേക്കും യാത്രക്കാർക്ക് എളുപ്പത്തിൽ എത്താൻ കഴിയും.

പ്രതിഷേധം ശക്തം

പാലം നിർമ്മാണം മുടങ്ങിയതിൽ പ്രതിഷേധിച്ച് അയർക്കുന്നം വികസനസമിതിയുടെ നേതൃത്വത്തിൽ 15ന് പ്രതിഷേധപരിപാടികൾ നടക്കും. രാവിലെ 10.30ന് വികസനസമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ അദ്ധ്യക്ഷത വഹിക്കും. പ്രതിഷേധസംഗമം പി.സി ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക സാമുദായിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.


അടിക്കുറുപ്പ്: നിർമ്മാണം മുടങ്ങിക്കിടക്കുന്ന പറേക്കടവ് പാലം