കോട്ടയം: ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ലഹരി കൊണ്ട് കൊഴുപ്പിക്കാമെന്ന് കരുതുന്നവരെ കുരുക്കാൻ എക്സൈസ്. മയക്കുമരുന്ന് സാന്നിദ്ധ്യം ശാസ്ത്രീയമായി കണ്ടെത്താനുള്ള നർക്കോട്ടിക് ഡ്രഗ്‌സ് ഡിറ്റക്ഷൻ കിറ്റ് (എൻ.ഡി.ഡി.കെ) ഉപയോഗിച്ചുള്ള പരിശോധന വ്യാപകമാക്കും.
വിവിധ തരത്തിലുള്ള മയക്കുമരുന്നുകളുടെ പ്രാഥമിക പരിശോധന നടത്തി ഏതു തരം മയക്കുമരുന്നാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കാം. ജില്ലയിൽ ക്രിസ്മസ് പ്രമാണിച്ച് കഞ്ചാവ് മാഫിയ രംഗത്തുണ്ടെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ഊർജ്ജിതമാക്കാൻ എക്‌സൈസ് തീരുമാനിച്ചത്.
ശാസ്ത്രീയ പരിശോധന കിറ്റ്
പ്രത്യേക തരം രാസവസ്തുക്കൾ നിറച്ച ബോട്ടിലുകളും അവയുടെ ടെസ്റ്റിംഗ് രീതിയും അടങ്ങിയതാണ് എൻ.ഡി.ഡി.കിറ്റ്. പിടികൂടുന്ന ലഹരി വസ്തുക്കളിലേയ്ക്ക് രാസവസ്തുക്കൾ ചേർക്കുമ്പോൾ സംഭവിക്കുന്ന നിറവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാവും ഏത് ഇനത്തിൽപ്പെട്ടതാണെന്ന് കണ്ടെത്തുക. പൂനെയിലെ ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്,നാഷണൽ കെമിക്കൽ ലബോറട്ടറി എന്നിവ സംയുക്തമായാണ് കിറ്റ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് കിറ്റ് വിതരണം ചെയ്യുന്നത്.
'' ജില്ലയിൽ പരിശോധനകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് മാഫിയ സംഘങ്ങളും വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ നിരീക്ഷണത്തിലാണ്''
രാധാകൃഷ്ണപിള്ള,
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ,എക്സൈസ്
പരാതികൾ അറിയിക്കാം- 0481 2562211, 9447178057.